തിരുവനന്തപുരം : സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ പണം സമാഹരിച്ച് സംസ്ഥാന സര്‍ക്കാര്‍. ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നാണ് നിത്യച്ചെലവ് നടത്താൻ സംസ്ഥാന സര്‍ക്കാര്‍ പണം സമാഹരിച്ചത്.1700 കോടി രൂപ എടുക്കാനാണ് തീരുമാനം. ട്രഷറിയില്‍ ഈയാഴ്ചതന്നെ പണം എത്തും.
കൂടുതല്‍ ക്ഷേമനിധികളോട് പണം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, പല ക്ഷേമനിധികളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ആദായനികുതി വകുപ്പ് തെറ്റായി ഈടാക്കിയ 1000 കോടിരൂപ ബിവറേജസ് കോര്പ്പറേഷന് കിട്ടാനുണ്ട്. ഇതുകിട്ടിയാല്‍ അവരും സര്‍ക്കാരിന് പണം നല്‍കിയേക്കും.
ഓണക്കാലത്തെ ചെലവുകളെത്തുടര്‍ന്ന് മറ്റ് ഇടപാടുകള്‍ക്ക് പണമില്ലാതെവരുന്ന സ്ഥിതി ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈവര്‍ഷം കേന്ദ്രം അനുവദിച്ചതില്‍ രണ്ടായിരത്തോളം കോടിരൂപ മാത്രമാണ് വായ്പയെടുക്കാൻ ശേഷിക്കുന്നത്.
ഓണച്ചെലവുകള്‍ക്ക് പണം തികയ്ക്കാനായി ട്രഷറി ഇടപാടുകളുടെ പരിധി അഞ്ചുലക്ഷമാക്കി കുറച്ചിരുന്നു. ഓണക്കാലത്തെ പ്രത്യേക ചെലവുകള്‍ ഒഴിച്ചുള്ള ബില്ലുകള്‍ മാറ്റിവെക്കുകയും ചെയ്തു. ട്രഷറിയില്‍ നിയന്ത്രണത്തിന് അയവുനല്കാൻ ഇനിയുമായിട്ടില്ല. എങ്കിലും അത്യാവശ്യമുള്ള ബില്ലുകള്‍ പാസാക്കാൻ ക്ഷേമനിധികളില്‍നിന്നുള്ള പണമെത്തുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിടാൻ മുൻ സര്‍ക്കാരുകളുടെ കാലത്തും ഇത്തരത്തില്‍ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് പതിവായി പണം സ്വീകരിച്ചിരുന്നു. എന്നാല്‍, ഇങ്ങനെ കടമെടുക്കുന്നതും സര്‍ക്കാരിന്റെ വായ്പപ്പരിധിയില്‍ ഉള്‍പ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചതോടെ ഇതു നിയന്ത്രിക്കാൻ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
സാമ്പത്തിക പ്രതിസന്ധി അങ്ങേയറ്റം മോശമാവുമ്പോൾപ്പോലും ഇത്തരം താത്കാലിക ക്രമീകരണങ്ങള്‍ നടത്താൻ സംസ്ഥാനത്തിന് ആവുന്നില്ല. എന്നാല്‍, ഈ പണം ഡിസംബറിനുമുമ്ബ് തിരികെ ക്ഷേമനിധികള്‍ക്ക് നല്കിയാല് സംസ്ഥാനത്തിന്റെ വായ്പപ്പരിധിയെ ബാധിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.