തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ സെക്രട്ടേറിയറ്റിനുള്ളിലെ ഓഫീസ് ക്യാബിനിലേയ്ക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ അതിക്രമിച്ച് കയറിയതായി പരാതി.
കേന്ദ്ര കാര്‍ഷിക സെക്രട്ടറിയുമായുള്ള ഓണ്‍ലൈന്‍ യോഗം നടക്കുന്നതിനിടെ കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കൂടിയായ അശോകിന്റെ ക്യാബിനില്‍ കയറി ആര്‍ഷോ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്.യോഗത്തിന് ശേഷം കാണാമെന്ന് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മുഖേന അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെയാണ് ആര്‍ഷോയും ഒപ്പമുണ്ടായിരുന്നയാളും തള്ളിക്കയറിയത്. തുടര്‍ന്ന് അശോകിന്റെ ചേംബറില്‍ പ്രവേശിച്ച ആര്‍ഷോ വനിതാ ഉദ്യോഗസ്ഥരോടടക്കം കയര്‍ത്ത് സംസാരിച്ചുവെന്നും ഓണ്‍ലൈന്‍ യോഗം തടസപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
അതിക്രമിച്ച് കയറി ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇരുന്ന ആര്‍ഷോയും സുഹൃത്തും, കാര്‍ഷിക സര്‍വകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താന്‍ അനുവദിക്കില്ലെന്നും അശോകിനെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഭാവിയില്‍ സന്ദര്‍ശക അനുമതി നല്കുകയാണെങ്കില് ആര്‍ഷോയെ നിരീക്ഷിക്കണമെന്നും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഡിനു നായര്‍ സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
.സെക്രട്ടേറിയറ്റിലെ സുരക്ഷാ ചുമതലയുള്ള ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയപ്പോഴാണ് ആര്‍ഷോയും സുഹൃത്തും പുറത്തിറങ്ങിയത്.
'വിളിക്കുന്നേടത്ത് എല്ലാവരെയും വരുത്തും'എന്ന് ആര്‍ഷോ പറഞ്ഞതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, താന്‍ അതിക്രമിച്ച് കയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ആര്‍ഷോ പ്രതികരിച്ചത്. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറുമായി സംസാരിച്ച ശേഷം മടങ്ങിയെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും ആര്‍ഷോ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.