തിരുവനന്തപുരം: നിപ വൈറസ് തോന്നയ്ക്കല്‍ വൈറോളജി ലാബിലെ പരിശോധനയില്‍ സ്ഥിരീകരിക്കാൻ കഴിയുമെങ്കിലും പരിശോധനാഫലം പ്രഖ്യാപിക്കാൻ അധികാരമില്ലാത്തതിനാലാണ് പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതെന്നു മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു
തൊട്ടുപിന്നാലെ ആരോഗ്യമന്ത്രിയുടെ നിലപാടു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സംസ്ഥാനത്തും പരിശോധനാ സംവിധാനമുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി, നിപ വൈറസ് കണ്ടെത്തുന്നതിനുള്ള പരിശോധനയ്ക്കായി എന്തുകൊണ്ടു തോന്നയ്ക്കല്‍ വൈറോളജി ലാബിലേക്ക് അയച്ചില്ലെന്ന കാര്യം പരിശോധിക്കുമെന്നു പറഞ്ഞു.ആദ്യം ഇവിടേക്ക് അയച്ചുവെന്നു പറഞ്ഞു. എന്തുകൊണ്ട് സംസ്ഥാനത്തിന്റെ അധീനതയിലുള്ള ലാബിലേക്ക് അയച്ചില്ലെന്ന കാര്യം പരിശോധിക്കും. തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിപ വൈറസ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ സംവിധാനം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിപയെ നേരിടാൻ പുതിയ ചികിത്സാ പ്രോട്ടോകോള്‍ തയാറാക്കണമെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു ഇരുവരും.
നിപ കേന്ദ്ര ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിട്ടും സംസ്ഥാനത്തു സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന അനാവശ്യ വിവാദമാണുണ്ടായത്. കേന്ദ്ര ആരോഗ്യ മന്ത്രി പത്രസമ്മേളനത്തില്‍ പറയുമ്പോഴും പൂനെയിലെ ലാബുമായി ബന്ധപ്പെട്ടപ്പോഴും സ്ഥിരീകരണം ലഭിച്ചില്ലെന്നാണു പറഞ്ഞത്. 8.30നു ശേഷം പറയാമെന്ന് അവര്‍ അറിയിച്ചു. രാത്രി 8.50നാ ണു സ്ഥിരീകരണം ലഭിച്ചത്.
തോന്നയ്ക്കല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ സ്ഥിരീകരിക്കാൻ കഴിയും. പക്ഷേ, ഫലം പ്രഖ്യാപിക്കാൻ നമുക്ക് അധികാരമില്ല. അതു പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ടിനു മാത്രമാണു കഴിയുന്നതെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പഠനം നടത്തുന്നതിന് അടക്കം മൂന്നു കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.
കൂടാതെ ചെന്നൈയില്‍നിന്നുള്ള സംഘം ഇവിടെയുണ്ട്. 2021ലെ പരിഷ്കരിച്ച ചികിത്സാ പ്രോട്ടോകോളാണ് നാം പിന്തുടരുന്നത്. ആരോഗ്യ വിദഗ്ധരാണ് ചികിത്സാ പ്രോട്ടോകോള്‍ നിശ്ചയിക്കുന്നത്. ആവശ്യമായത് പ്രോട്ടോകോളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.