തിരുവനന്തപുരം: നാലാം തവണയാണ് സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 2018 മേയിലാണ് ദക്ഷിണേന്ത്യയില്‍ ആദ്യമായി നിപ സ്ഥിരീകരിക്കുന്നത്.
അത് കേരളത്തില്‍ തന്നെ ആയിരുന്നു. 17 പേര്‍ക്കാണ് നിപ മൂലം അന്ന് ജീവന് നഷ്ടപ്പെട്ടത്. നിപ ബാധിതരെ ശുശ്രൂഷിച്ച് അതേ രോഗം വന്ന് മരിച്ച സിസ്റ്റര്‍ ലിനിയെ കേരളത്തിലുള്ളവര്‍ക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.2018 ലെ നിപ ഭീതിയിലും കോഴിക്കോടും മലപ്പുറത്തും ആയിരുന്നു നിപ ബാധിച്ചത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സാബിത്ത് മേയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടു. പനി ബാധിച്ചെത്തിയ സാബിത്ത് തലച്ചോറില്‍ അണുബാധയുണ്ടായാണ് മരിച്ചത്. മേയ് 18-ന് സാബിത്തിന്റെ സഹോദരന് സ്വാലിഹിനും സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ബന്ധുവിനും പിതാവിനും സമാനമായ രീതിയില്‍ രോഗബാധിതരായി. ഇതോടെയാണ് നിപ സംശയം ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നത്.
പിന്നാലെ മണിപ്പാലിലും പിന്നീട് പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നിന്നെത്തിയ സാംപിള്‍ പരിശോധനാ ഫലവും വന്നതോടെ കേരളം വൻ ജാഗ്രതയിലായി. അന്നത്തെ ആരോഗ്യ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ജൂലായ് ഒന്നിന് കേരളം നിപ വിമുക്തമായി പ്രഖ്യാപിക്കാൻ സാധിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായിരുന്നു നീക്കിയത്. എന്നാല്‍ ഇത്രയും ചെയ്തു വന്നപ്പോള്‍ 17 പേരുടെ ജീവൻ നിപ കാര്‍ന്നു തിന്നു കഴിഞ്ഞിരുന്നു.
ചികിത്സയ്ക്കായി സാബിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിയപ്പോഴാണ് രോഗം പടര്‍ന്നത്. പേരാമ്പ്ര ആശുപത്രിയിലെ സിസ്റ്റര്‍ ലിനിയുടെ മരണം ഉള്‍പ്പെടെ കേരളത്തെ ഭീതിയിലാഴ്ത്തിയിരുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മറ്റൊരു നഴ്സിനുള്‍പ്പെടെ വൈറസ് ബാധിച്ചിരുന്നു.
ഒന്നര മാസത്തിന് ശേഷം കേരളം നിപ വിമുക്തമായപ്പേള്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത് മെഡിക്കല്‍ കോളേജിലെ നഴ്സ് ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമാണ്. ഒരു വര്‍ഷത്തിനുശേഷം എറണാകുളത്ത് വിദ്യാര്‍ഥിക്ക് നിപ റിപ്പോര്‍ട്ട് ചെയ്തെങ്കിലും ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞിരുന്നു. വീണ്ടും 2021-ല്‍ സെപ്തംബര്‍ 5 ന് നിപ കോഴിക്കോടെത്തി. ചാത്തമംഗലം പഞ്ചായത്തിലെ 12-കാരനാണ് അന്ന നിപ ബാധിച്ച മരണപ്പെട്ടത്.
ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ വിഭാഗത്തില്‍ പെട്ട ആര്‍എൻഎ വെറസുകളാണ് നിപ വൈറസുകള്‍. പ്രധാനമായും പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് ജനുസ്സില്‍ പെട്ട വവ്വാലുകളാണ് നിപ വൈറസ് പരത്തുന്നത്. വവ്വലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്.
മലേഷ്യയിലെ നിപ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ എന്ന പേരില്‍ ഈ വൈറസ് അറിയപ്പെടുന്നത്. മലേഷ്യയില്‍ വവ്വാലുകളില്‍ നിന്നും പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും രോഗം പകരുകയും ചെയ്തിരുന്നു.മലേഷ്യയില്‍ മാത്രമാണ് പന്നികളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ത്തന്നെ പ്രധാന മുന്‍കരുതലായി മാസ്ക് വയ്ക്കുന്ന ശീലമാക്കണം. തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതിനാലാണ് നിപ മരണകാരണമാകുന്നത്. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മൂര്‍ച്ഛിക്കുന്നത് ഈ രോഗത്തിന്റെ ഒരു സ്വഭാവമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.