തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍.
ഒന്നാം പിണറായി സര്‍ക്കാര്‍ പവൻഹാൻസ് കമ്പനിയിൽ 22 കോടിക്ക് ഹെലികോപ്റ്റര്‍ വാടക്കെടുത്തിരുന്നു. എന്നാല്‍ സംസ്ഥാനത്തിന് ഒരു ഉപയോഗവും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാനും പൊലീസിന്റെ ആവശ്യങ്ങള്‍ക്കുമായി വീണ്ടും ഹെലികോപ്റ്റര്‍ വാടക്കെടുക്കുന്നതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ചിപ്സണ്‍ ഏവിയേഷനുമായി പുതിയ കരാറുണ്ടാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭ തീരുമാനം വന്നുവെങ്കിലും നിയമക്കുരുകള്‍ നിരവധിയായിരുന്നു. ടെണ്ടര്‍ കാലാവധി കാലാവധി കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമാണ് മന്ത്രിസഭ അനുമതി നല്‍കിയത്.
നിയമവകുപ്പ് കരാറുമായി മുന്നോട്ടുപോകാൻ പച്ചകൊടി കാണിച്ചുവെങ്കിലും പിന്നെയും തര്‍ക്കമുണ്ടായി. ഹെലികോപ്റ്റര്‍ ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്ന് ചിപ്സണ്‍ ഏവിയേഷൻ ആവശ്യപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്ത് തന്നെ വേണമെന്നായി പൊലിസിന്റെ ആവശ്യം. വീണ്ടും ചര്‍ച്ച നടത്തി. തിരുവനന്തപുരത്താണെങ്കില്‍ പാര്‍ക്കിംഗിന് തുക കൂടിവേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഒടുവില്‍ ചാലക്കുടിയില്‍ തന്നെ പാര്‍ക്ക് ചെയ്യണണെന്ന കമ്പനിയുടെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ച് അന്തിമ ധാരണ പത്രം ഒപ്പുവയ്ക്കാൻ തീരുമാനിച്ചു.
മധ്യകേരളത്തില്‍ നിന്നും ഏതു ജില്ലകളിലേക്കും പറന്നുപോകാനുള്ള സൗകര്യവും കണക്കിലെടുത്താണ് പാര്‍ക്കിംഗ് ചാലക്കുടിയില്‍ മതിയെന്ന് ധാരണയായതെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. അടുത്തയാഴ്ച പൊലീസ് ആസ്ഥാനത്തെ എഡിജിപിയും ചിപ്സസണ്‍ അധികൃതരുമായി കരാര്‍ ഒപ്പുവയ്ക്കും.
പ്രതിമാസം 25 മണിക്കൂര്‍ പറക്കാൻ 80 ലക്ഷം രൂപയാണ് കരാര്‍. ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കണം. അഞ്ച് ലക്ഷത്തിന്റെ ചെക്ക് പോലും ട്രഷറിയില്‍ മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് ഹെലികോപ്റ്റര്‍ വാടക്കെടുക്കുന്നത്. ഇത് വൻ ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.