തൃശ്ശൂര്‍: മച്ചിപ്പശുക്കളെ തൊഴുത്ത് മാറ്റിക്കെട്ടുന്ന പോലെയാണ് സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
നാഥനില്ലാ കളരിയായി സംസ്ഥാന ആഭ്യന്തര വകുപ്പ് മാറി. പിഞ്ച് കുഞ്ഞുങ്ങള്‍ പോലും പീഡിപ്പിക്കപ്പെടുകയാണ്. മാരക രോഗങ്ങള്‍ തിരിച്ച് വരുന്നത് ആരോഗ്യ വകുപ്പിന്‍റെ പിടിപ്പുകേടാണ്. ആരോഗ്യ വകുപ്പ് വേണ്ടത്ര മുൻകരുതലുകള്‍ എടുക്കാത്തതാണ് നിപ വീണ്ടും പടര്‍ന്ന് പിടിക്കാൻ കാരണം. വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകിക്കാടിന്‍റെ ചുറ്റുമുള്ള പേരാമ്പ്രയില്‍ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും പനിയുള്ളവരുടെ സാംപിളുകള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നിട്ടില്ല.
സമ്പൂര്‍ണമായ ഭരണസ്തംഭനമാണ് സംസ്ഥാനത്തുള്ളത്. പിണറായിയുടെ ഭരണത്തില്‍ ജനം കഷ്ടപ്പെടുകയാണ്. സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാറിന്‍റെ മുഖംമൂടി വലിച്ചുകീറി. 22,000 കോടി രൂപ വൻകിടക്കാരില്‍ നിന്നും സര്‍ക്കാരിന് പിരിച്ചെടുക്കാനുണ്ട്.
വൻകിട കുത്തകകളെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാരിനുള്ളത്. ഒരു ഭാഗത്ത് ജനങ്ങളെ കൊള്ളയടിക്കുമ്പോള്‍ മറുഭാഗത്ത് വൻകിടക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ സഹായമില്ലെങ്കില്‍ സംസ്ഥാനത്ത് ദൈനംദിന ചെലവ് പോലും നടക്കില്ല. പ്രതിപക്ഷ നേതാവിന് പോലും കേന്ദ്ര സഹായത്തെ പറ്റി പ്രശംസിക്കേണ്ടി വന്നത് ഈ സാഹചര്യത്തിലാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ സോളാറിന്‍റെ പിന്നാലെ പോവുകയാണ് ഭരണ-പ്രതിപക്ഷങ്ങള്‍. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്‍റെ ഉദാഹരണമാണ് സോളാര്‍ കേസ്. മാസപ്പടി വിവാദത്തിലും ഇവര്‍ ഒരേ പക്ഷത്താണ്.
ഭരണപക്ഷത്തിന്‍റെ അഴിമതിയെ പിന്തുണക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. വരും ദിവസങ്ങളില്‍ സര്‍ക്കാറിന്‍റെ അഴിമതിക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബി.ജെ.പി നേതൃത്വം നല്‍കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രമന്ത്രി വി. മുരളീധരൻ സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു. മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി, ദേശീയ സെക്രട്ടറി അനില്‍ ആന്‍റണി, മുൻ സംസ്ഥാന അധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ജോര്‍ജ് കുര്യൻ, സി. കൃഷ്ണകുമാര്‍, പി. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.