ന്യൂഡൽഹി: കാനഡയ്ക്കെതിരേ കടുത്ത നടപടിയുമായി ഇന്ത്യ. കനേഡിയന്‍ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെയാണ് നിർത്തിവെച്ചത്.
ഖലിസ്താൻ നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. ഇന്ന് മറ്റൊരു ഖലിസ്താൻ ഭീകരവാദി കൂടി കാനഡയിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യ കടുത്ത നടപടിയുമായി മുമ്പോട്ട് വന്നത്.
ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നിജ്ജാറിനെ പിടികൂടാനായി ഇന്റർപോൾ വഴി ഇന്ത്യ റെഡ് കോർണർ നോട്ടിസ് (ആർസിഎൻ) പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇയാൾക്കു കാനഡ പൗരത്വം നൽകിയതെന്നാണു വെളിപ്പെടുത്തൽ. ഏറെക്കാലമായി തീരുമാനമെടുക്കാതിരുന്ന പൗരത്വ അപേക്ഷയിലാണ് കാനഡ പെട്ടെന്ന് നടപടിയെടുത്തതെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
റെഡ് കോർണർ നോട്ടിസ് ഇറക്കിയാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ആണ് ഒരു രാജ്യം ചെയ്യേണ്ടത്. എന്നാൽ, കാനഡ മറിച്ചാണു ചെയ്തതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിജ്ജാറിനെതിരെ 2014ൽ ആയിരുന്നു ആദ്യത്തെ റെഡ് കോർണർ നോട്ടിസ്. പിന്നീട് 2016ലും പുറപ്പെടുവിച്ചു. 2015ൽ ആണ് ഇയാൾക്കു പൗരത്വം നൽകിയതെന്നു കാനേഡിയൻ മന്ത്രി ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതു വിവാദമായതോടെ 2007ൽ നിജ്ജാറിനു പൗരത്വം കിട്ടിയതായി തിരുത്തി. ഇതു സംശയകരമാണെന്ന നിലപാടിലാണ് ഇന്ത്യൻ ഏജൻസികൾ.
ഇന്ത്യയിൽ എത്തുന്ന കനേഡിയൻ പൗരന്മാർക്ക് കനേഡിയൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ജാഗ്രതാ നിർദേശം നൽകിയിരുന്നു. കശ്മീർ അടക്കമുള്ള പ്രദേശങ്ങളിലേക്ക് പോകരുത്, മണിപ്പുർ, അസം പോലുള്ള സ്ഥലങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രം സഞ്ചരിക്കുക, ഇന്ത്യയിൽ എവിടെ പോകുന്നുണ്ടെങ്കിലും അതീവ ജാഗ്രതപുലർത്തണമെന്നും നിർദേശിച്ചിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം, ഖലിസ്താനികളുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളിൽ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പൗരന്മാര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിസ സർവീസുകളും നിർത്തിവെച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.