എറണാകുളം: പൊതു വിദ്യാഭ്യാസ മേഖലയില്‍ കേരളം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
പൊതു വിദ്യാഭ്യാസ മേഖലയിലെ ഈ വളര്‍ച്ച രാജ്യാന്തരതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. സാങ്കേതികതയെ വിദ്യാഭ്യാസവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നേറി.
യുനെസ്കോയുടെ ഗ്ലോബല്‍ എജ്യുക്കേഷൻ മോണിറ്ററിംഗ് റിപ്പോര്‍ട്ട് 2023 ഈ മേഖലയിലെ കേരളത്തിന്റെ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ പ്രവേശനം, തുല്യത, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ സംസ്ഥാനം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ഇന്റര്‍നെറ്റ് കണക്ടിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കോവിഡ് സമയത്തും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈൻ വിദ്യാഭ്യാസം നല്‍കി. നിരവധി നൂതന ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്‌ഫോമുകള്‍ സംസ്ഥാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമുകള്‍ പാഠപുസ്തകങ്ങള്‍, വീഡിയോകള്‍, മൂല്യനിര്‍ണ്ണയങ്ങള്‍ എന്നിവയുള്‍പ്പെടെ വിപുലമായ വിദ്യാഭ്യാസ ഉറവിടങ്ങളിലേക്കാണ് പ്രവേശനം നല്‍കുന്നത്.
ക്ലാസ് മുറിയില്‍ സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അധ്യാപകരെയും നമ്മള്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അധ്യാപനത്തിന്റെയും പഠനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ വിദ്യാഭ്യാസത്തില്‍ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. കേരളം ഈ രംഗത്ത് കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ സംസ്ഥാനം ഏറെ മുന്നേറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പ്രകടനം, മൂല്യനിര്‍ണ്ണയ ഡാറ്റ എന്നിവ ട്രാക്ക് ചെയ്യുന്നതിന് നിരവധി ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്താൻ ഇത് സഹായിച്ചു.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഈ വളര്‍ച്ചയ്ക്ക് കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന ഡിജിറ്റല്‍ വിപ്ലവമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും വഴി ആയിരക്കണക്കിന് കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് നമ്മുടെ പൊതു വിദ്യാലയങ്ങളില്‍ നടന്നത്.
ഇതിന്റെ ഭാഗമായി 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കി. എല്ലാ മണ്ഡലങ്ങളിലും വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ സ്ഥാപിച്ചു. ആ വികസനത്തിന്റെ മാതൃകയാണ് എറണാകുളം ഗവ.ഗേള്‍സ് എല്‍പി സ്കൂളും. പുതിയ സ്കൂള്‍ കെട്ടിടം സ്കൂളിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒരുകോടി രൂപയുടെ പ്ലാൻ ഫണ്ടും സമഗ്ര ശിക്ഷ കേരളയുടെ 28.5 ലക്ഷ്യം രൂപയുടെ സിവില്‍ വര്‍ക്ക് ഫണ്ടും ഉപയോഗിച്ചാണ് സ്കൂളില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആറ് ക്ലാസ് മുറികള്‍, രണ്ട് ശുചിമുറികള്‍, ഒരു ഊണ് മുറി എന്നിവയാണ് പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദ്യാലയത്തില്‍ പൂര്‍ത്തിയാക്കിയ ഒന്നാം തരം ക്ലാസ് മുറിയുടെ ഉദ്ഘാടനം കൊച്ചി കോര്‍പ്പറേഷൻ മേയര്‍ എം.അനില്‍കുമാര്‍ നിര്‍വഹിച്ചു.ടി.ജെ വിനോദ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ വി.എ ശ്രീജിത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ പി.ആര്‍ റെനീഷ്, കൗണ്‍സിലര്‍ പത്മജ എസ് മേനോൻ, സര്‍വ്വശിക്ഷ കേരള ഡി.പി.സി ബിനോയ് ജോസഫ്, വിദ്യാകിരണം കോ ഓഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി രാമചന്ദ്രൻ, അസിസ്റ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍ ഡിഫി ജോസഫ്, സര്‍വ്വശിക്ഷ കേരള ബി.പി.സി പി.എ നിഷാദ് ബാബു,
ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ മിനി റാം, ഹൈസ്കൂള്‍ പ്രധാന അധ്യാപിക ലതിക പണിക്കര്‍, യുപി സ്കൂള്‍ പ്രധാന അധ്യാപിക ടി.ആശ, എല്‍ പി സ്കൂള്‍ പ്രധാന അധ്യാപകൻ സി.ജെ സാബു ജേക്കബ്, നഴ്സറി സ്കൂള്‍ പ്രധാന അധ്യാപിക (ഇൻ ചാര്‍ജ് ) ടി.എ ആൻസി, എസ് എം സി ചെയര്‍പേഴ്സണ്‍ ഡോ. സുമി ജോയി ഓലിപ്പയുറം, പിടിഎ പ്രസിഡൻ്റ് ലിബിൻ കെ തങ്കച്ചൻ, മറ്റ് പിടിഎ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.