കോഴഞ്ചേരി: ആറ് കൊലപാതകം ഉള്‍പ്പെടെ തമിഴ്നാട്ടിലെ 30 ക്രിമിനല്‍ക്കേസിലെ പ്രതികളായ സഹോദരങ്ങള്‍ കോഴഞ്ചേരിയില്‍നിന്ന് അറസറ്റിലായ സംഭവത്തില്‍ ഞെട്ടി ജനം.നാടുവിട്ട് മാതാപിതാക്കള്‍ക്കൊപ്പം ഒളിവില്‍ താമസിക്കുമ്പോഴും ഇരുവരും തെക്കേമല, കോഴഞ്ചരി പ്രദേശങ്ങളില്‍ ലോട്ടറി വില്പനക്കാരായിരുന്നു.
റോഡരികിലും വീടുകയറിയും ഇവര്‍ കേരള ലോട്ടറി കച്ചവടം നടത്തിയിരുന്നു. അറസ്റ്റിലായ തമിഴ്നാട് തിരുനെല്‍വേലി പള്ളി കോട്ടൈ നോര്‍ത്ത് സ്ട്രീറ്റില്‍ പള്ളികോട്ടെ മാടസ്വാമി (27), സഹോദരൻ സുഭാഷ് (ഊട്ടി ശെമ്മാരി -25) എന്നിവര്‍ ആറുമാസമായി തെക്കേമലയില്‍ എത്തിയിട്ട്. ഈ കാലയളവില്‍ ഇവരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു.നാല് വര്‍ഷമായി ഇവരുടെ മാതാപിതാക്കള്‍ തെക്കേമലയിലും കോഴഞ്ചേരിയിലുമായി വാടകക്ക് താമസിക്കുകയാണ്. ആറന്മുള പൊലീസിന്റെ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ ഇവര്‍ കുടുങ്ങിയത്.
ഏതാനും ലോട്ടറി ടിക്കറ്റുമായി തേക്കേമലയിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന മാടസ്വാമിയുടെയും സുഭാഷിന്റെയും പെരുമാറ്റത്തില്‍ കാര്യമായ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥരായ ഉമേഷ് ടി. നായര്‍, നാസര്‍ ഇസ്മായില്‍ എന്നിവര്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുറ്റവാളികളുടെ ചരിത്രം ചുരുളഴിഞ്ഞത്.
ചോദ്യം ചെയ്യലില്‍ ഇരുവരും പരസ്പര വിരുദ്ധമായി മറുപടി നല്കിയതും സംശയം ഇരട്ടിപ്പിച്ചു. ഇതിനിടെ ഇവരുടെ മാതാപിതാക്കളും സ്റ്റേഷനിലേക്കെത്തി. വിലാസത്തില്‍നിന്ന് സ്വദേശം തിരുനെല്‍വേലിയാണെന്ന് ബോധ്യമായപ്പോള്‍ തമിഴ്നാട് പൊലീസുമായും ബന്ധപ്പെട്ടു. മാടസ്വാമിയും സുഭാഷും ഉള്‍പ്പെട്ട ക്രിമിനല്‍ക്കേസുകളുടെ പട്ടിക ആറന്മുള പൊലീസിനെയും അമ്പരിപ്പിക്കുന്നതായിരുന്നു.
ഇവര്‍ പിടിയിലായ വിവരം അറിഞ്ഞ് ശനിയാഴ്ച രാത്രിതന്നെ പുറപ്പെട്ട തിരുനെല്‍വേലിയില്‍നിന്നുള്ള പൊലീസ് സംഘം ഞായറാഴ്ച രാവിലെ ഇവരെ കൊണ്ടുപോയി. ശക്തമായ സുരക്ഷയില്‍ വാനിലാണ് സഹോദരങ്ങളെ തമിഴ്നാട്ടിലേക്ക് എത്തിച്ചത്.
തെക്കേമലയും ഒളിവുകേന്ദ്രമാകുന്നു
പതിറ്റാണ്ടുകളായി തെക്കേമലയില്‍ തമ്പടിച്ച തമിഴ് തൊഴിലാളികള്‍ നാട്ടിലൊരു പ്രശ്നവും സൃഷ്ടിച്ചിരുന്നില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികളുടെ വരവിന് മുൻപ് നാട്ടുകാര്‍ ഈ മേഖലയില്‍ എത്തിയാണ് തൊഴിലാളികളെ കണ്ടെത്തിയിരുന്നത്. പ്രധാനമായും ആക്രിസാധനങ്ങള്‍ പെറുക്കി വിറ്റാണ് തമിഴ് കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് നല്കുന്ന വാടകവീടുകള്‍ പ്രദേശത്തെ ജനങ്ങളുടെ വരുമാന മാര്‍ഗംകൂടിയാണ്. തമിഴ്നാട്ടില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായതോടെ തമിഴരുടെ വരവ് കുറഞ്ഞു.
ഇതിനിടെ ഈ വീടുകള്‍ കേന്ദ്രീകരിച്ച് കുറ്റവാളികള്‍ തങ്ങാറുണ്ടെന്ന വിവരവും മേഖലയില്‍ കുറ്റവാളികള്‍ക്ക് ഒളിച്ചുതാമസിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് തമിഴ്നാട് സ്വദേശികളുടെ അറസ്റ്റോടെ പുറത്തായത്. പഞ്ചായത്തില്‍തന്നെ ഏറ്റവും കൂടുതല്‍ വീടുകള്‍ അടഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലൊന്നാണ് തെക്കേമല.
ഇവിടെ പുതുതായി പണിതതും ഉടമസ്ഥര്‍ സ്ഥലത്ത് ഇല്ലാത്തതുമായ വീടുകളും വാടകക്ക് നല്കാൻ ഏജന്റുമാരെ ഏല്പിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി വിദേശത്തുള്ള വീട്ടുടമകള്‍ നിയമങ്ങള്‍ പാലിച്ചാണോ അന്തര്‍ സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ധിക്കാറില്ല. ഇത്തരത്തില്‍ കോഴഞ്ചേരി പഞ്ചായത്തില്‍ നിരവധി വീടുകളില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിച്ചു വരുകയാണ്.
വാടക നല്കുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ രേഖകള്‍ മാത്രമാണ് ഉടമസ്ഥര്‍ ചോദിക്കുക. ജില്ലയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് കാര്യമായി നടക്കാത്തതും ഏജന്റുമാരും വീട് ഉടമകളും വിവരങ്ങള്‍ നല്‍കാത്തതും പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. വാടകക്ക് താമസിക്കുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ സ്റ്റേഷനില്‍ കൈമാറാത്ത ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇടക്കിടെ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.