കൊച്ചി: മോന്സൻ മാവുങ്കല്‍ പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ നാലാംപ്രതി മുന്‍ ഡിഐജി എസ്. സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
ഈ മാസം എട്ടിന് കളമശേരി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണു നോട്ടീസ്. കേസിലെ ഏഴാം പ്രതിയാണ് ബിന്ദുലേഖ. മോന്സന് വ്യാജ പുരാവസ്തുക്കള്‍ എത്തിച്ചുനല്‍കിയ ശില്പി സന്തോഷിനോടും എട്ടിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.വിശ്വാസവഞ്ചനയ്ക്ക് കൂട്ടുനിന്നതിനും ഗൂഢാലോചനയ്ക്കുമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്. മോന്സന് അടുപ്പമുണ്ടായിരുന്ന എസ്. സുരേന്ദ്രനും കുടുംബവുമായും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.
മോന്‍സന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതിന്റെ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ബിന്ദുലേഖ പലതവണ മോന്‍സന്റെ കലൂരിലെ വീട്ടിലെത്തിയതിന്റെ തെളിവും ലഭിച്ചു. വീട്ടിലെത്തിയവരോട് ഡിഐജിയുടെ ഭാര്യയാണെന്നു പറഞ്ഞാണ് മോന്സൻ പരിചയപ്പെടുത്തിയിരുന്നത്. ഇതു കേട്ടു പലരും വിശ്വാസത്തോടെ പണം നിക്ഷേപിക്കാന്‍ തയാറായതായും അന്വേഷണസംഘം കണ്ടെത്തി. ആദ്യഘട്ടത്തില്‍ എസ്. സുരേന്ദ്രനെ മാത്രം കേസില്‍ പ്രതിചേര്‍ത്തിരുന്നെങ്കിലും പിന്നീട് ഭാര്യ ബിന്ദുലേഖയെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു.
ശില്പിയായ സന്തോഷിന് മോന്‍സന്റെ തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. സിനിമാ സെറ്റുകളില്നിന്നടക്കം ഇയാള്‍ എത്തിച്ചുനല്‍കിയ സാധനങ്ങളാണ് വ്യാജ പുരാവസ്തുവെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പു നടത്തിയിരുന്നത്. കേസില്‍ സന്തോഷ് ആറാം പ്രതിയാണ്.
കാലപ്പഴക്കമുള്ളതെന്ന് മോന്സൻ മാവുങ്കല്‍ പരിചയപ്പെടുത്തിയ വസ്തുക്കള്‍ നല്‍കിയിരുന്നത് സന്തോഷായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.