ഹൂസ്റ്റണ്‍: ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ സംഘടിപ്പിച്ച സമ്മളനത്തില്‍ എൻഡിഎ സര്‍ക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ഇന്ത്യയുടെ മതേതരത്വം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും മതത്തിന്റെ പേരില്‍ അവര്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത രമേശ് ചെന്നിത്തലയ്ക്ക് ഒഐസിസി യുഎസ്എ നേതൃത്വത്തില്‍ ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മളന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.വ്യാഴാഴ്ച വൈകുന്നേരം സ്റ്റാഫോഡിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. എല്ലാ മതങ്ങളേയും അംഗീകരിക്കുകയും അതില്‍ വിശ്വാസിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. എന്നാല്‍ അതെല്ലാം തകര്‍ത്തെറിഞ്ഞ് വര്‍ഗീയതയിലൂടെ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ന്യൂനപക്ഷത്തെ ചൂഷണം ചെയ്തും മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചും നീങ്ങുന്ന വെല്ലുവിളിയെ ഒറ്റക്കെട്ടായി നമുക്ക് നേരിടണം. മതേതരത്വമെന്ന ഇന്ത്യന്‍ മൂല്യത്തെ ഉയര്‍ത്തിപിടിക്കാന്‍ നമുക്ക് കഴിയണം.
എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുവാൻ കഴിയുന്ന എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്ന മതമാണ് ഹിന്ദു മതം. അതാണ് ഇന്ത്യയുടെ പാരമ്പര്യം. ഞാനും ഒരു ഹിന്ദുവാണ്. പക്ഷേ ഞാൻ മഹാത്മാ ഗാന്ധിയുടെ ഹിന്ദുവാണ്, മോദിയുടെ ഹിന്ദുവല്ലെന്നും ചെന്നിത്തല പറഞ്ഞു.
രാജ്യം ഇന്ന് കൈവരിച്ച നേട്ടങ്ങളുടെയെല്ലാം തുടക്കം കോണ്‍ഗ്രസില്‍ നിന്നാണ്. മതേതരത്വത്തിനുവേണ്ടി എക്കാലവും ശബ്ദമുയര്‍ത്തിയ പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ടുതന്നെയാണ് ജോഡോ യാത്രയുമായി രാഹുല്‍ ഗാന്ധിയെത്തിയത്. അത് രാജ്യത്തുണ്ടാക്കിയത് വലിയ മാറ്റങ്ങളാണെന്നു നാം തിരിച്ചറിയണം.
കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു പതിപ്പാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. കോവിഡില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമായിരുന്നില്ല. കിറ്റിന്റെ പേരില്‍ ജനങ്ങളെ വഴിതിരിച്ചുവിട്ടു. എന്നാലിന്ന് അതല്ല സ്ഥിതി.
ദുര്‍ഭരണം ജനങ്ങളെ മടുപ്പിച്ചു. ഉപതെരഞ്ഞെടുപ്പിലെ വിജയങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. സൗകര്യപൂര്‍വം മാത്രം വായ തുറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് അപമാനമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്വീകരണയോഗം മുന്‍ മന്ത്രി പന്തളം സുധാകരന് ഉദ്ഘാടനം ചെയ്തു. ഒഐസിസി യുഎസ്എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒഐസിസി യുഎസ്എ ചെയര്മാന് ജെയിംസ് കൂടല്‍ ആമുഖ പ്രസംഗം നടത്തി.
ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് വാവച്ചൻ മത്തായി സ്വാഗതവും നാഷണല്‍ ജനറല്‍ സെക്രട്ടറി ജീമോൻ റാന്നി നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.