മക്കളെന്തെങ്കിലും കുരുത്തക്കേട് കാണിക്കുമ്പോൾ, തന്നിഷ്ടത്തിന് നടക്കുമ്പോൾ മാതാപിതാക്കള്‍ സ്ഥിരം പറയാറുള്ള ഒരു ഡയലോഗുണ്ട്, വല്ല വാഴയും വെച്ചാല്‍ മതിയായിരുന്നു എന്ന്.
തന്നിഷ്ടത്തിന് നടക്കുന്ന ഒരു മകന്റേയും അവനെ നന്നാക്കാൻ നടക്കുന്ന ഒരു അച്ഛന്റെയും കഥയുമായി ഓണത്തിന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രമാണ് നവാഗതനായ സന്ദീപ് സംവിധാനം ചെയ്ത 'അച്ഛനൊരു വാഴ വെച്ചു'.പ്രത്യുഷ് എന്ന മകനായി നിരഞ്ജ് മണിയൻപിള്ള രാജു വേഷമിടുന്നു. അച്ഛൻ സച്ചിദാനന്ദനായി എത്തുന്നത് നിര്‍മ്മാതാവ് ഡോക്ടര്‍ എ. വി. അനൂപാണ്. കോഴിക്കോട് പശ്ചാത്തിലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ റേഡിയോ ജോക്കിയായാണ് നിരഞ്ജ് എത്തുന്നത്. അമ്മയുടെ വേഷത്തില്‍ ശാന്തികൃഷ്ണ എത്തുന്നു.
അച്ഛനും മകനും തമ്മിലുള്ള പ്രശ്നങ്ങളിലൂടെ ആരംഭിക്കുന്ന ചിത്രം നര്‍മ്മത്തിന്റെ മേമ്പൊടിയോടെയാണ് മുന്നോട്ട് പോകുന്നത്. ദമയന്തിയെന്ന റേഡിയോ ജോക്കിയായി എത്തുന്ന ആത്മീയയാണ് ചിത്രത്തിലെ നായിക. കേന്ദ്ര കഥാപാത്രങ്ങള്‍ റേഡിയോ ജോക്കിയായതിനാല്‍ തന്നെ കഥാപരിസരവും വഴിത്തിരിവുകളുമെല്ലാം റേഡിയോ പ്രോഗ്രാമുകളുമായി കോര്‍ത്തിണക്കിയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
കുടുംബത്തിന് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെങ്കിലും പ്രത്യുഷ് എന്ന ചെറുപ്പക്കാരൻ കൂടെയുള്ള സുഹൃത്തുക്കളിലും അപരിചിതരിലും ഒക്കെ പുഞ്ചിരി വിടര്‍ത്തുന്നുണ്ട്. തങ്ങളുടെ ഒരാവശ്യത്തിനും കൂടെയില്ലാത്ത മകനെയോര്‍ത്ത് വിഷമിക്കുന്ന അച്ഛൻ അവനെ നന്നാക്കാൻ ഒരു മാര്‍ഗം കണ്ടുപിടിക്കുന്നു. പക്ഷേ കുടുംബത്തിന്റെ ആകെ താളം തെറ്റിക്കുന്ന ഒന്നായി ഇത് മാറുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഹാസ്യരൂപത്തില്‍ ചിത്രം പറയുന്നത്.
മുകേഷ്, ജോണി ആന്റണി, ലെന, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹൻ സീനുലാല്‍, ഫുക്രു, അശ്വിൻ മാത്യു, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയവരും ചിത്രത്തിലുണ്ട്. എ. വി. അനൂപും നിരഞ്ജും ശാന്തി കൃഷ്ണയും തങ്ങളുടെ കഥാപാത്രങ്ങള്‍ ഭദ്രമാക്കി. സച്ചിദാനന്ദന് കൂട്ടുകാരനായാണ് ജോണി ആന്റണി എത്തുന്നത്. ചിത്രത്തിലെ മര്‍മപ്രധാനമായ ഈ കഥാപാത്രത്തിലൂടെ ജോണി ആന്റണിയും കെെയടി വാങ്ങുന്നുണ്ട്.
ഇ ഫോര്‍ എന്റര്‍ടെയിൻമെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ കുടുംബചിത്രം എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടര്‍ എ.വി അനൂപ് നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ്. സന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു. മനു ഗോപാലാണ് കഥയും തിരക്കഥയും സംഭാഷണവും. കെ ജയകുമാര്‍, സുഹൈല്‍ കോയ, മനു മഞ്ജിത്ത്, സിജു തുറവൂര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. വി സാജനാണ് എഡിറ്റിങ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.