കോട്ടയം: നായപരിശീലനത്തിന്റെ മറവിൽ കഞ്ചാവു വിൽപന നടത്തുന്ന കേന്ദ്രത്തിൽ പൊലീസ് വിശദമായി പരിശോധന നടത്തി. ഇന്നലെ സ്ഥാപന ഉടമയായ യുവാവ് പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ടു കടന്നുകളഞ്ഞിരുന്നു ഇയാളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഇവിടെ നിന്ന് 17.8 കിലോഗ്രാം കഞ്ചാവു കണ്ടെത്തി. കുമാരനല്ലൂർ വല്യാലിൻചുവടിനു സമീപം വാടകയ്ക്കു താമസിക്കുന്ന പാറമ്പുഴ തെക്കേതുണ്ടത്തിൽ റോബിൻ ജോർജിന്റെ (28) വീട്ടിലാണു ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് പരിശോധന നടത്തിയത്.കാക്കി വസ്ത്രം കണ്ടാൽ ആക്രമിക്കുന്നതിനുള്ള പരിശീലനം നായ്ക്കൾക്കു റോബിൻ നൽകിയിരുന്നതായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. റോബിനെതിരെ ലഹരിവസ്തുക്കൾ കൈവശം വയ്ക്കുന്നതിനെതിരായ എൻഡിപിഎസ് നിയമപ്രകാരം പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി പത്തരയോടെയാണു പൊലീസ് സംഘം പരിശോധനയ്ക്കെത്തിയത്. ഈ സമയം റോബിൻ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അമേരിക്കൻ ബുള്ളി ഇനത്തിൽപെട്ട 3 നായ്ക്കളെ കൂടു തുറന്നുവിട്ടാണു പ്രതി കടന്നുകളഞ്ഞത്. പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ (കെ9 സ്ക്വാഡ്) പരിശീലകരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ നായ്ക്കളെ അനുനയിപ്പിച്ചു കൂട്ടിലേക്കു മാറ്റിയിട്ടാണു പൊലീസ് വീടിനുള്ളിൽ കടന്നത്.
മുറിക്കുള്ളിൽ 2 സഞ്ചികളിൽ കഞ്ചാവു നിറച്ചുവച്ചിരുന്നതു പൊലീസ് കണ്ടെടുത്തു.4 നായ്ക്കളെ റോബിൻ വളർത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇവയ്ക്കു പുറമേ മുന്തിയ ഇനത്തിൽപെട്ട 9 നായ്ക്കൾ കൂടി വീടിനു പുറത്തു കൂടുകളിലുണ്ടായിരുന്നു. ഇവയെ പരിശീലനത്തിനായി ആളുകൾ എത്തിച്ചതാണ്.
പരിശീലനകേന്ദ്രത്തിനു ലൈസൻസ് ഇല്ലെന്നും പ്രതിയെ പിടികൂടാനും തുടരന്വേഷണത്തിനുമായി കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.