ലിബിയ:രാജ്യത്ത് ഇതുവരെ പ്രളയത്തിൽ 5300 പേർ മരണപ്പെട്ടതായി സ്ഥിരീകരണം, ആശുപത്രി ഇടനാഴികളിൽ വരെ മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്ന സ്ഥിതിയാണെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെംഗാസി ഉൾപ്പെടെയുള്ള കിഴക്കൻ നഗരങ്ങളിലും മരണസംഖ്യ കുത്തനെ ഉയരുകയാണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റിയുടെ പ്രതിനിധി സംഘം അറിയിച്ചു.
ദെര്‍നയ്ക്കും ബെംഗാസിയ്ക്കും പുറമേ ബയ്ദ, അല്‍ മര്‍ജ്, സുസ എന്നിവിടങ്ങളെയും പ്രളയം ബാധിച്ചിട്ടുണ്ട്. 7,000 ത്തോളം കുടുംബങ്ങളാണ് ദുരിത ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.പ്രളയത്തില്‍പ്പെട്ട് നിരവധി പേര്‍ കടലിലേക്ക് ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കായി നാവികസേന തിരച്ചിൽ നടത്തുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വക്താവ് അൽ ജസീറയോട് പറഞ്ഞു.
അതേസമയം ഈജിപ്റ്റ്, തുര്‍ക്കി, ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലിബിയയ്ക്ക് അടിയന്തര സഹായവുമായി എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്താനാവശ്യമായ വാഹനങ്ങൾ, റെസ്ക്യൂ ബോട്ടുകൾ, ജനറേറ്ററുകൾ, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള സഹായങ്ങളാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്.യു.എന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അടക്കം രാജ്യാന്തര ഏജന്‍സികളും സഹായത്തിനായി എത്തിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉള്‍പ്പെടെയുള്ള ലോകനേതാക്കളും ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തി കഴിഞ്ഞു.
കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ആവർത്തിച്ചുള്ള വെള്ളപ്പൊക്കം ദെര്‍നയ്ക്ക് ഭീഷണിയാകുമെന്ന് ലിബിയയിലെ ഒമർ അൽ-മുഖ്താർ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ അബ്ദുൽവാനീസ് എ.ആർ. അഷൂ വ്യക്തമാക്കിയിരുന്നു.
1942 മുതലുള്ള അഞ്ച് വെള്ളപ്പൊക്കങ്ങൾ ശ്രദ്ധയില്‍പെടുത്തിയ അദ്ദേഹം അണക്കെട്ടുകളുടെ പതിവ് അറ്റകുറ്റപ്പണികൾ ഉടന്‍ ഉറപ്പാക്കാൻ അടിയന്തര നടപടികളും ആവശ്യപ്പെട്ടിരുന്നു. അതേസമയം പതിറ്റാണ്ടായി തുടരുന്ന ആഭ്യന്തര യുദ്ധവും ഏകീകൃത ഭരണ സംവിധാനമില്ലാത്തതും രക്ഷാദൗത്യത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.