ഇംഫാല്‍: മണിപ്പുരിലെ വര്‍ഗീയ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഘടകം ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്ക് കത്തയച്ചു. ജനരോഷവും പ്രതിഷേധവും ഇപ്പോള്‍ ഭരണകൂടത്തിനെതിരായ മാറിയെന്നും ഇതില്‍ പറയുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷ എ.ശാരദ ദേവിയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ ആശങ്കയറിയിച്ച് നഡ്ഡയ്ക്ക് കത്തയച്ചത്. ഇംഫാല്‍ ഈസ്റ്റിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാല്‍ വെസ്റ്റിലെ ബിജെപി എംഎല്‍എയുടെ വീടും കഴിഞ്ഞ ദിവസം ജനക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് നേതാക്കള്‍ ദേശീയ നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു.
'ജന രോഷവും പ്രതിഷേധവും ഇപ്പോള്‍ ഗതിമാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഏറെ നാളായി തുടരുന്ന അസ്വസ്ഥതകളുടെ ഏക ഉത്തരവാദിത്തം സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിലെ സര്‍ക്കാരിന്റെ പരാജയത്തിലേക്ക് മാത്രം ചൂണ്ടിക്കാട്ടപ്പെടുന്നു. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ നമ്മുടെ സര്‍ക്കാര്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം' കത്തില്‍ വ്യക്തമാക്കി.
ജനങ്ങള്‍ ദൈനംദിന ജീവതത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പുതിയ സംഭവവികാസത്തിലേക്കെത്തിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം തിരികെ കൊണ്ടുവരാന്‍ ആര്‍ട്ടിക്കിള്‍ 355 റദ്ദാക്കാനും മുഖ്യമന്ത്രിക്ക് ഏകീകൃത കമാന്‍ഡ് പുനഃസ്ഥാപിക്കാനും അവര്‍ നഡ്ഡയോട് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.