ന്യൂഡൽഹി: സെപ്റ്റംബർ 9-10 തീയതികളിലായി നടക്കുന്ന ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് ബീജിംഗ്. പ്രധാനമന്ത്രി ലീ ക്വിയാങ്ങാണ് പ്രതിനിധി സംഘത്തെ നയിക്കുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുക്രൈനിലെ പ്രത്യേക സൈനിക നടപടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ജി20 ഉച്ചകോടിക്ക് ജോ ബൈഡൻ എത്തും. ജി20 ഉച്ചകോടിക്ക് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് അമേരിക്ക, അടച്ചിട്ട സ്ഥലത്ത് മാസ്ക് ധരിച്ചായിരിക്കും ബൈഡൻ എത്തുക.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ എത്തുമെന്ന് അമേരിക്കയുടെ സ്ഥിരീകരണം. അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജോ ബൈഡന്‍റെ യാത്ര മുടങ്ങുമോയെന്ന ആശങ്കകൾ സജീവമായത്. എന്നാൽ ബൈഡന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായത് ജി 20 ഉച്ചകോടിക്ക് പോസീറ്റീവായി. ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള ജോ ബൈഡന്‍റെ രണ്ടാം പരിശോധന ഫലവും നെഗറ്റീവായതോടെയാണ് ജി 20 ക്ക് അദ്ദേഹം എത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചത്. അടച്ചിട്ട മുറിയിൽ മാസ്ക് ധരിച്ചാകും ജോ ബൈഡൻ പങ്കെടുക്കുക.
“റിപ്പബ്ലിക് ഓഫ് ഇന്ത്യ സർക്കാരിന്റെ ക്ഷണപ്രകാരം, സ്‌റ്റേറ്റ് കൗൺസിൽ പ്രീമിയർ ലി ക്വിയാങ്, സെപ്റ്റംബർ 9-10 തീയതികളിൽ ഇന്ത്യയിലെ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കും." ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പുറത്തുവിട്ട ഹ്രസ്വ പ്രസ്‌താവനയിൽ അറിയിച്ചു.
പ്രസിഡന്റ് ഷി ജിൻപിംഗ് ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടി ഒഴിവാക്കുമെന്ന് ചൈനീസ് ഉദ്യോഗസ്ഥർ സെപ്റ്റംബർ 2ന് ഇന്ത്യയെ അറിയിച്ചിരുന്നു. ഇതിന്റെ രേഖാമൂലമുള്ള സ്ഥിരീകരണം ഇപ്പോഴും കാത്തിരിക്കുകയാണ്. എന്നിരുന്നാലും, ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഉന്നതതല കോൺക്ലേവിൽ നിന്ന് പ്രസിഡന്റ് ഷി വിട്ടുനിന്നതിന് ഒരു കാരണവും വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതിനിടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോക നേതാക്കൾ എത്തിത്തുടങ്ങി. നൈജീരിയൻ പ്രസിഡന്‍റ് ബോല അഹമ്മദ് തിനുബു ദില്ലിയിലെത്തി. രാഷ്ട്രീയ വിഷയങ്ങളിൽ സമവായം ഇല്ലാത്ത സാഹചര്യത്തിൽ കാലാവസ്ഥ വ്യതിയാനം, സ്ത്രീ ശാക്തീകരണം, ജൈവ ഇന്ധന ഉപയോഗം തുടങ്ങിയ വിഷയങ്ങളിലെ ധാരണകളിൽ ഉച്ചകോടിയിലെ ചർച്ചകൾ അവസാനിക്കാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.