ഉത്തർപ്രദേശ്: മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ വിചിത്ര ന്യായീകരണവുമായി അധ്യപിക തൃപ്ത ത്യാഗി.കുട്ടിയെ അച്ചടക്കം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് തല്ലിച്ചതെന്നും അംഗപരിമിതയായതിനാലാണ് മറ്റ് വിദ്യാർത്ഥികളെ കൊണ്ട് തല്ലിച്ചതെന്നുമാണ് ന്യായീകരണം. അച്ചടക്കം പഠിപ്പിക്കണമെന്ന് കുട്ടിയുടെ അമ്മാവൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും അധ്യാപിക പറഞ്ഞു.
മുസഫർനഗറിലെ ഒരു സ്കൂളിൽ വ്യാഴാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. മൻസൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖുബ്ബപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത് . മുസ്ലിം വിദ്യാർഥിയെ സഹപാഠികൾ മാറിമാറി മുഖത്ത് അടിക്കുമ്പോൾ അധ്യാപികയായ ത്രിപ്ത ത്യാഗി വീണ്ടും കുട്ടികളെ മർദിക്കാൻ പ്രചോദിപ്പിക്കുന്നതായി 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. അടികൊണ്ട് കുട്ടി കരയുമ്പോഴും എന്തുകൊണ്ടാണ് കൂടുതൽ ശക്തമായി തല്ലാത്തതെന്നാണ് അധ്യാപികയുടെ ചോദ്യം.
വിദ്യാർത്ഥി പാഠങ്ങൾ പഠിക്കുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവനെ എനിക്ക് ശിക്ഷിക്കേണ്ടി വന്നത്. ഞാൻ അംഗപരിമിതയാണ്. അവൻ ഹോം വർക്ക് ചെയ്യുന്നതിന് വേണ്ടിയാണ് ഞാൻ അവനെ തല്ലിയത്. അവന്റെ അമ്മാവനാണ് എന്നോട് അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടത്, എന്നാണ് അധ്യാപിക പറഞ്ഞത്.ഹിന്ദു-മുസ്ലീം എന്ന നിലയ്ക്കല്ല ഞങ്ങൾ കുട്ടികളെ പരിഗണിക്കുന്നത്. ഞങ്ങളുടെ ഗ്രാമത്തിൽ വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളുണ്ട്, ഞങ്ങൾ സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നത്.എനിക്ക് കുട്ടിയോട് വിരോധമൊന്നുമില്ല, അധ്യാപിക പറഞ്ഞു.
അതേസമയം കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സഹപാഠികൾ ഒരു മണിക്കൂറോളം വിദ്യാർത്ഥിയെ തല്ലിയതായി പിതാവ് നല്കിയ പരാതിയിൽ പറയുന്നുണ്ട്.
കേസ് പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്ന് വിദ്യാർത്ഥിയുടെ കുടുംബം. മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ അധ്യാപികയ്ക്കെതിരായ കേസ് പിൻവലിക്കാൻ തങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ടെന്ന് അടികൊണ്ട വിദ്യാർത്ഥിയുടെ പിതാവ്. അടുത്തുള്ള ഗ്രാമത്തിന്റെ തലവനും കർഷക നേതാവുമായ നരേഷ് ടികായത്ത് ആണ് അനുരഞ്ജനത്തിന് ശ്രമം നടത്തുന്നതെന്നും പിതാവ് പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മുസാഫർ നഗറിൽ ജീവിക്കാൻ തങ്ങൾക്ക് പേടിയുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
മുസാഫർ നഗർ പ്രദേശത്തുള്ള നേഹ പബ്ലിക് സ്കൂളിൽ നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പ്രചരിച്ചത്. മുസ്ലീം വിദ്യാർത്ഥിയിടെ മുഖത്ത് അടിക്കാൻ മറ്റ് ഹിന്ദു വിദ്യാർത്ഥികളോട് അധ്യാപിക ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്തുകൊണ്ടാണ് ശക്തിയായി അടിക്കാത്തതെന്നും വിദ്യാർത്ഥികളോട് അധ്യാപിക ആവശ്യപ്പെടുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.