തിരുവനന്തപുരം:കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് സിലബസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ. കെ ശൈലജയുടെ ആത്മകഥയും. 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന ആത്മകഥയാണ് പാഠഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ ഇലക്ടീവ് കോഴ്സിൽ ലൈഫ് റൈറ്റിങ് വിഭാഗത്തിൽ കോർ റീഡിങ്ങിനുള്ള പുസ്തകമാണ് 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന ആത്മകഥ. മഹാത്മ ഗാന്ധി, അംബേദ്കർ എന്നിവരുടെ ആത്മകഥകൾക്കൊപ്പമാണ് ശെെലജയുടെ കൃതിയും ഉൾപ്പെടുത്തിയിരിക്കുന്നത്.ഗവർണറുടെ അനുമതിയില്ലാതെ വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ രൂപീകരിച്ച പഠന ബോർഡ് കോടതി റദ്ദാക്കിയതിനെ തുടർന്ന് യൂണിവേഴ്സിറ്റിയിൽ പഠനബോർഡ് നിലവിലില്ല. തുടർന്ന് വി.സി സ്വന്തം നിലയിൽ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയാണ് ശൈലജയുടെ പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത്.
സംഭവത്തിൽ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സിലബസ് രാഷ്ട്രീയവത്കരിക്കുന്നുവെന്ന് കോൺഗ്രസ് അനുകൂല അധ്യാപക സംഘടന ആരോപിച്ചു. വിഷയത്തിൽ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്ന് കെ.എസ്.യുവും വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് കാലത്ത് കോടികൾ ചിലവാക്കി പി. പി. ഇ കിറ്റ് വാങ്ങിയതിൽ ആരോപണ വിധേയയായി അന്വേഷണം നേരിടുന്ന മുൻമന്ത്രിയുടെ ആത്മകഥ മഹാത്മാഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം പഠന വിഷയമാക്കുന്നത് രാഷ്ട്രപിതാവിനെ അധിക്ഷേപിക്കുന്നതിന് സമാനമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു. ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.