വെള്ളൂർ ; മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നുപേർ മുങ്ങിമരിച്ചു. അരയൻകാവ് മുണ്ടയ്ക്കൽ ജോൺസൺ (56), സഹോദരൻ അരയൻകാവ് മുണ്ടയ്ക്കൽ ജോബിയുടെ മകൾ ജിസ്‌മോൾ (15), ജോൺസന്റെ സഹോദരി വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ സുനിയുടെ മകൻ അലോഷ്യസ് (16) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 11.30-ന് വെള്ളൂർ ചെറുകര പാലത്തിന് താഴെയുള്ള കടവിലായിരുന്നു അപകടം. രണ്ട് കാറുകളിലായി ഒൻപതംഗ സംഘമാണ് കുളിക്കാനായി കടവിൽ എത്തിയത്. ജോൺസൺ, സഹോദരൻ ജോബി, ഭാര്യ സൗമ്യ, ഇവരുടെ മക്കളായ ജിസ്‌മോൾ, ജോയൽ, ജുവൽ, ജോൺസന്റെ സഹോദരി സുനി,
ഇളയമകൻ അലോഷ്യസ്, മറ്റൊരു സഹോദരി മിനി എന്നീ ഒൻപതുപേരാണ് രണ്ട് കാറുകളിലായി എത്തിയത്. കാറുകൾ ചെറുകര പാലത്തിന് സമീപം പാർക്കുചെയ്തശേഷം ഒൻപതുപേരും കുളിക്കാനായി ആറ്റിൽ ഇറങ്ങി. ജിസ്‌മോളും അലോഷ്യസും ജോയലും ഒഴുക്കിൽപ്പെട്ടു. ഇതുകണ്ടുനിന്ന ജോൺസണും സൗമ്യയും മൂവരെയും രക്ഷിക്കാൻ ശ്രമിച്ചു.
ഇതിനിടെ ജോൺസൺ ഒഴുക്കിൽപ്പെട്ടു. ജോയലിനെ അമ്മ സൗമ്യ രക്ഷിച്ചു. അലോഷ്യസിനെ സൗമ്യ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈവിട്ടുപോയി. കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ ആറ്റിലുണ്ടായിരുന്ന ബാക്കിയുള്ളവരെ വസ്ത്രങ്ങൾ എറിഞ്ഞുകൊടുത്തു രക്ഷിച്ചു.
വൈക്കം, കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും സ്‌കൂബാ ടീമുകളും ചേർന്ന് അരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹങ്ങൾ കണ്ടെത്തി. ആദ്യം ജോൺസന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന് അലോഷ്യസിന്റെയും ജിസ്‌മോളുടെയും മൃതദേഹങ്ങൾ മുങ്ങിയെടുത്തു. സെലീനയാണ് മരിച്ച ജോൺസന്റെ ഭാര്യ. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം വിട്ടുകൊടുത്തു. സംസ്‌കാരം പിന്നീട്. സൗമ്യ, ജോബി, ജിസ്‌മോൾ, ജോയൽ, ജുവൽ എന്നിവർ വർഷങ്ങളായി ഇംഗ്ലണ്ടിലാണ് താമസം. രണ്ടാഴ്ചമുമ്പാണ് നാട്ടിൽ വന്നത്.
തിങ്കളാഴ്ച വൈകീട്ടത്തെ വിമാനത്തിൽ മുണ്ടയ്ക്കൽ ജോബിയും കുടുംബവും മകൾ ജിസ്‌മോളോടൊപ്പം യു.കെ.യിലേക്കു പറക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് ഞായറാഴ്ച പുഴയിൽ ജിസ്‌മോളുടെ ജീവൻ പൊലിഞ്ഞത്. രണ്ടാഴ്ച മുൻപ് യു.കെ.യിലെ ബ്രിസ്‌റ്റളിൽ നിന്നെത്തിയ ജോബി, ഭാര്യ സൗമ്യ, മക്കൾ ജിസ്‌മോൾ, ജോയൽ, ജൂവൽ എന്നിവർ സൗമ്യയുടെ സഹോദരൻ സജിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കരിങ്കുന്നത്തേക്കാണ് ആദ്യം പോയത്.
കരിങ്കുന്നത്ത് അസുഖ ബാധിതനായി മരണപ്പെട്ട ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കു ശേഷമാണ് കുടുംബം അരയൻകാവ് തോട്ടറയിലെ തറവാട്ടു വീട്ടിലെത്തിയത്. അവിടെ നിന്ന് പല പ്രാവശ്യം മൂവാറ്റുപുഴയാറിലെ കടവിൽ കുളിക്കാനെത്തിയിരുന്നു. വെള്ളൂരിനു സമീപമുള്ള ആ കടവിലാണ് മരണം മൂന്നു പേരെ തട്ടിയെടുത്തത്.
ജിസ്‌മോളും സഹോദരങ്ങളും പഠിച്ചിരുന്ന ബ്രിസ്റ്റളിലെ സ്‌കൂളിൽ പഠനത്തിന്റെ പിരിമുറുക്കങ്ങളിൽ നിന്നൊഴിഞ്ഞ ദിവസങ്ങളിലെ ആഘോഷങ്ങളിലായിരുന്നു കുട്ടികൾ. ഇവർക്കൊപ്പം നിന്ന പിതൃ സഹോദരൻ ജോൺസന്റെ സഹായത്തോടെയാണ് എപ്പോഴും മൂവാറ്റുപുഴയാറിലെ കടവിൽ കുളിക്കാൻ പോയിരുന്നത്.
മക്കളില്ലാത്ത പിതൃസഹോദരൻ എല്ലാത്തിനും പിന്തുണ നൽകുന്നതിനാൽ കുട്ടികളുടെ ആഗ്രഹങ്ങൾക്ക് സൗമ്യയും ജോബിയും എതിരു നിന്നതുമില്ല. യു.കെ.യിലേക്കു മടങ്ങുന്നതിന്റെ തലേ ദിവസവും കുട്ടികൾക്കൊപ്പമാണ് കുടുംബക്കാരെല്ലാവരും കൂടി പുഴയിൽ കുളിക്കാൻ പോയത്. എന്നാൽ ജിസ്‌മോളെ പുഴയുടെ കയത്തിലേക്കു വിധി വലിച്ചെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.