തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് ഫേസ്ബുക്ക് പരസ്യം നല്കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍.
പോത്തൻകോട് ഗുരുനിര്‍മലത്തില്‍ ദിനദേവനാ(46)ണ് ആറസ്റ്റിലായത്. വലിയതുറ സ്വദേശി മൃദുലാ മോഹന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വലിയതുറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി പേരില്‍ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് സാരഥി കണ്‍സ്ട്രക്ഷൻ, സ്നേഹം ഗ്ലോബല്‍ ഫൗണ്ടഷേൻ(സ്നേഹം ഗ്രൂപ്പ്) എന്നീ പേരുകളിലാണ് വീട് വെച്ചുനല്‍കാമെന്ന് ഫെയ്സ്ബുക്കില്‍ പരസ്യം നല്‍കിയത്. ഇതുവഴിയാണ് മിക്കവരും വീട് വെച്ചുനല്‍കുന്നതിനുള്ള കരാറും നല്‍കിയത്.
പലരില്‍നിന്നും 10 ലക്ഷം മുതല്‍ 20 ലക്ഷം വരെ വാങ്ങിയതായി ചോദ്യംചെയ്യലില്‍ പ്രതി സമ്മതിെച്ചന്ന് വലിയതുറ പോലീസ് പറഞ്ഞു. നൂറിലധികം പേരില്‍നിന്നു പണം തട്ടിയെടുത്തതായാണ് കേസ്. ഫെയ്സ്ബുക്കിലൂടെ എത്തുന്ന ഫോണ്‍ നമ്പരുകൾ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അതില്‍ ഓരോ കക്ഷിയും നല്കുന്ന പ്ളാനിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തും.
തുടര്‍ന്ന് 14,000 രൂപ നല്കി രജിസ്റ്റര്‍ ചെയ്യണം. ഇതിന് രസീത് നല്‍കും. തുടര്‍ന്ന് വീട് വെച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടയാളുടെ സ്ഥലം സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ രേഖപ്പെടുത്തും. ഇതിനുശേഷം 10 ലക്ഷം രൂപ മുൻകൂര്‍ വാങ്ങും. ഗൂഗിള്‍പേ വഴിയാണ് എല്ലാവരും ഇയാളുടെ അക്കൗണ്ടിലേക്കു പണം നല്‍കിയതെന്നും പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതേ രീതിയിലായിരുന്നു വലിയതുറ സ്വദേശി മൃദുലാ മോഹനെയും വലയിലാക്കിയത്. അവരില്‍നിന്ന് രജിസ്ട്രേഷൻ ഫീസ് വാങ്ങിയശേഷം സ്ഥലം കാണാനെത്തി. തുടര്‍ന്ന് വീടുവെക്കുമ്പോൾ തടസ്സമാകുമെന്നുകാട്ടി വളപ്പിലുള്ള വിലകൂടിയ മരങ്ങൾ മുറിച്ചുകൊണ്ടുപോയി.
എന്നാല്‍, ഇതിന്റെ പണം ഇയാള്‍ നല്‍കിയിരുന്നില്ല. പലതവണ വിളിച്ചിട്ടും പണം തിരികെ നല്‍കിയില്ല. കാഴ്ചയ്ക്കു ബുദ്ധിമുട്ടുള്ള ഇവര്‍ പിന്നീട് വലിയതുറ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ തട്ടിപ്പുനടത്തുന്ന സംഘത്തില്‍പ്പെട്ടയാളാണെന്നു കണ്ടെത്തിയത്.
തുടര്‍ന്ന് ഇയാളെ എസ്.എച്ച്.ഒ. ജി.എസ്.രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. ട്വിങ്കിള്‍ ശശി, സി.പി.ഒ. കിരണ്‍ എന്നിവര്‍ അറസ്റ്റുചെയ്തു. ഈ പണമുപയോഗിച്ച് തമിഴ്നാട്ടില്‍ വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.