തിരുവനന്തപുരം: വികസിത രാഷ്ട്രങ്ങളിലെ ആരോഗ്യ പരിപാലന സംവിധാനത്തിന് സമാനമായ സംവിധാനങ്ങളുള്ള കേരളത്തിലെ ആരോഗ്യ ഗവേഷണരംഗത്ത് ദേശീയതലത്തില്‍ നിന്ന് ഭിന്നമായ നയം വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിന്റെ ആരോഗ്യ പരിപാലന സംവിധാനം രാജ്യത്ത് ഒന്നാമതാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ നേരിടുന്ന ആരോഗ്യ വെല്ലുവിളികള്‍ അല്ല നമുക്കുള്ളത്. നാം നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ വികസിത രാഷ്ട്രങ്ങളുടേതിന് സമാനമാണ്. അത് സൂചിപ്പിക്കുന്നത് ആരോഗ്യ ഗവേഷണ മേഖലയില്‍ ദേശീയതലത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു നയമാണ് കേരളത്തില്‍ വേണ്ടത് എന്നതാണ്. ആ നയം ദേശീയ തലത്തില്‍ നിന്ന് വ്യത്യസ്തവും അതേ സമയം ലോകനിലവാരത്തിലുള്ളതായിരിക്കുകയും വേണം, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വികസിത രാഷ്ട്രങ്ങളുടെ ആരോഗ്യ ഗവേഷണ നിലവാരത്തിലേക്ക് കേരളത്തിന് ഉയരാൻ സാധിച്ചിട്ടില്ല. നമ്മുടെ ഗവേഷണ നിലവാരം വികസിതരാഷ്ട്രങ്ങളുടെ ഒപ്പമെത്തിക്കണം എന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആരോഗ്യ ഗവേഷകരുടെ ശ്രദ്ധ പതിയേണ്ട പല പ്രശ്നങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
വിട്ടുമാറാത്ത രോഗങ്ങളും പകര്‍ച്ചവ്യാധികള്‍ അല്ലാത്ത രോഗങ്ങളും വര്‍ധിച്ചുവരികയാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. സാമ്പത്തിക അസമത്വം മൂലമുള്ള പ്രശ്നങ്ങള്‍, പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങള്‍, അവരുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനം വികസിപ്പിക്കേണ്ട ആവശ്യകത എന്നിവയുണ്ട്.
ആരോഗ്യ പരിപാലന സംവിധാനം അതിന്റെ വികസനത്തിനാവശ്യമായ പുതിയ അറിവുകള്‍ കണ്ടെത്തണം. അത് കാലതാമസമില്ലാതെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയും വേണം. ആ ലക്ഷ്യത്തില്‍ ഊന്നിയാണ് ട്രാൻസ്ലേഷനല് ഗവേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്.
പല പ്രാദേശിക രോഗങ്ങളുടെയും മൂലകാരണം വ്യക്തമല്ല. ഇതിന് വിദഗ്ധ പഠനം വേണ്ടതുണ്ട്. ആരോഗ്യ സര്‍വകലാശാല, സംസ്ഥാനത്തെ പ്രഗല്ഭ മെഡിക്കല്‍ കോളജുകള്‍, നഴ്സിങ്ങ്, ഫാര്‍മസി, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗവേഷണത്തിന് ആവശ്യമായ സജ്ജീകരണമൊരുക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.