പുതുപ്പള്ളി:മിത്ത് മാസപ്പടി വിവാദങ്ങള്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടില്‍ സിപിഎമ്മും കോണ്‍ഗ്രസും.
വികസനം മുഖ്യവിഷയമാക്കി ഏറ്റുമുട്ടാൻ ഇടത് വലത് മുന്നണികള്‍ ശ്രമിക്കുമ്പോൾ വിവാദങ്ങള്‍ കത്തിച്ചു നിര്‍ത്തി ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, സിപിഎമ്മിനും കോണ്‍ഗ്രസിനും പിന്നാലെ ബിജെപി കൂടി പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മത്സര ചിത്രവും തെളിഞ്ഞു.മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍ ആടിയുലഞ്ഞ മാസപ്പടി വിവാദത്തില്‍ ഏറ്റുമുട്ടലിന് കോണ്‍ഗ്രസിന് ഒട്ടും താത്പര്യമില്ല. നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാതെ കോണ്‍ഗ്രസ് മാറിനിന്നതും പിന്നീട് മാത്യു കുഴല്‍നാടന് സഭയക്ക് പുറത്തു നിന്നുള്ള വിഷയമായി ഇത് അവതരിപ്പിക്കേണ്ടി വന്നതും വലിയ ചര്‍ച്ചയായിരുന്നതാണ്.
പിന്നീട്, കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നുവെങ്കിലും CMRL കമ്പിനിയിലെ ഡയറിയില്‍ മുതിര്‍ന്ന നേതാക്കളുടെ പേരുകള്‍ ഉണ്ടായിരുന്നതിനാല്‍ പ്രതികരണം മയപ്പെടുത്തുകയായിരുന്നു.
സിപിഎം വിവാദങ്ങളെ പൂര്‍ണമായും അവഗണിച്ചു വിടുകയാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയതും ഈ തീരുമാനത്തെ തുടര്‍ന്ന് എന്ന് വ്യക്തം.
കൈപ്പറ്റിയ കാശിന്റെ രേഖകള്‍ സഹിതം പുറത്തുവന്നിട്ടും മാസപ്പടിയില്‍ അഴിമതി ഇല്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. സംസ്ഥാന സെക്രട്ടറിക്ക് പുറമേ മുഖ്യമന്ത്രിയും വീണയും മന്ത്രി മുഹമ്മദ് റിയാസും വിവാദം കത്തുമ്പോഴും മൗനത്തിലാണ്.
വിവാദത്തിന് പുറത്ത് വികസനത്തിന് ഊന്നല്‍ നല്‍കുകയാണ് ഇടതുമുന്നണി. പുതുപ്പള്ളിയില്‍ വൈകാരിക ബന്ധവും വിശുദ്ധൻ ചര്‍ച്ചയുമൊക്കെ നടക്കുമ്പോൾ വികസനമാണ് മുഖ്യഅജൻഡയെന്നും മറ്റൊന്നും മണ്ഡലത്തിലെ ജനങ്ങള്‍ സ്വീകരിക്കില്ലെന്നും ഇടത് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് പറയുന്നു. സ്ഥലവും സമയവും കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിക്കാമെന്നും വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ സിപിഎം തയ്യാറാണെന്നും അദ്ദേഹം പ്രതിയോഗിയെ വെല്ലുവിളിക്കുന്നു.
എന്നാല്‍, താൻ മുമ്പ് ചോദിച്ച ചോദ്യങ്ങളില്‍ ജെയ്ക്കിന് മറുപടി ഉണ്ടോ എന്നാണ് ചാണ്ടി ഉമ്മന്റെ മറുചോദ്യം. ജെയ്ക്ക് അതിലാദ്യം മറുപടി പറയട്ടെയെന്നും ചാണ്ടി ഉമ്മൻ പറയുന്നു. ഇടതുവലതു മുന്നണികള്‍ക്ക് മണ്ഡലത്തില്‍ ചെയ്യാൻ കഴിയാത്ത വികസന പ്രവര്‍ത്തനങ്ങള്‍ തനിക്ക് ചെയ്യാനാകുമെന്ന ആത്മവിശ്വാസമാണ് ബിജെപി സ്ഥാനാര്‍ഥി ജി.ലിജിൻലാല്‍ പങ്കുവെക്കുന്നത്.
അതേസമയം, ഇടത് വലതു മുന്നണികള്‍ ഒരുപിടി മുൻപ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് രാഷ്ട്രീയ ഗോദയില്‍ കളം നിറഞ്ഞപ്പോള്‍ ബിജെപി ഇന്നലെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാലാണ് പുതുപ്പള്ളിയില്‍ മത്സരിക്കുക.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിവാദങ്ങളില്‍ വിടാതെ ബിജെപിയും ശക്തമായി രംഗത്തുണ്ട്. ഗണപതിയെ അവഹേളിച്ച സ്പീക്കര്‍ മാപ്പ് പറയുന്നവരെ സമരം തുടരുമെന്നും വീണ്ടും നാമജപഘോഷയാത്ര സംഘടിപ്പിക്കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്.
സമദൂര നിലപാടാണ് എൻഎസ്‌എസിന്റേതെങ്കിലും പുതുപ്പള്ളിയില്‍ ഏത് ഫോര്‍മുല കൊണ്ടുവരുമെന്നുള്ളതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ മിത്ത് വിവാദം മറന്ന് എൻഎസ്‌എസ്സിനോടുള്ള പിണക്കം സിപിഎം മാറ്റുന്നുവെന്നതടക്കം പ്രചാരണം ഉയര്‍ന്നിരുന്നു.എൻഎസ്‌എസിനോട് അതൃപ്തിയില്ലെന്ന് സിപിഎമ്മും നിലപാട് വ്യക്തമാക്കുന്നു.
അതിനിടെ, പുതുപ്പള്ളിയില്‍ പ്രചരണം കൊഴുക്കുമ്പോള്‍ മതമേലധ്യക്ഷൻമാരെയും പൗരപ്രമുഖരെയും കണ്ട് വോട്ടുറപ്പിക്കുന്നതിന്റെ നെട്ടോട്ടത്തിലാണ് മുന്നണികള്‍. ഗൃഹസന്ദര്‍ശനം നടത്തി പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ട് നീങ്ങുകയാണ്.
കഷ്ടിച്ച് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ ജനം ആരെ തുണയ്ക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന വിധിദിനത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.