ന്യൂഡൽഹി: ചന്ദ്രോപരിതലത്തിൽ പഠനം നടത്താനുള്ള "പ്രഗ്യാൻ' റോവർ ചന്ദ്രയാൻ 3 ദൗത്യത്തിലെ "വിക്രം' ലാൻഡർ പേടകത്തിൽ നിന്ന് പുറത്തിറങ്ങി. ഇരുളിലെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നത് കാത്ത് ശാസ്ത്രലോകം.
ലാൻഡറിന്റെ വാതിൽ തുറന്ന് റോവർ പുറത്തേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഇസ്റോ പുറത്തുവിട്ടു. ലാൻഡിംഗിന് ശേഷം ചന്ദ്രോപരിതലത്തിൽ ഉയർന്നുപൊങ്ങിയ പൊടിപടലങ്ങൾ കെട്ടടങ്ങിയ ശേഷമാണ് റോവർ പുറത്തിറങ്ങിയത്.
പ്രഗ്യാൻ റോവർ വേർപെട്ട് ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തുന്നതിനിടെ, അശോകസ്തംഭവും ഇസ്റോയുടെ ചിഹ്നവും റോവർ ചന്ദ്രോപരിതലത്തിൽ കോറിയിടും. ഇതിന്റെ ചക്രങ്ങളിൽ ഈ ചിഹ്നങ്ങൾ പതിപ്പിച്ചിട്ടുണ്ട്. കാറ്റ് ഇല്ലാത്തതിനാൽ ഈ മുദ്ര മായാതെ കിടക്കും.
ചന്ദ്രനിലെ ഗുരുത്വാകർഷണബലം മൂലം പൊടിപടലങ്ങൾ താഴേക്ക് വരാൻ ഏറെ സമയമെടുക്കുമെന്നതിനാൽ, റോവർ പെട്ടെന്ന് പുറത്തിറക്കാൻ സാധിക്കില്ലെന്ന് ഇസ്റോ അറിയിച്ചിരുന്നു.
റോവർ അതിവേഗം പുറത്തിറക്കാൻ ശ്രമിച്ചാൽ അതിൽ ഘടിപ്പിച്ചിരിക്കുന്ന കാമറകളും മറ്റ് യന്ത്രഭാഗങ്ങളും നശിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനാൽ സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കി ഒരു ദിവസമെങ്കിലും കഴിഞ്ഞ ശേഷം റോവർ പുറത്തിറക്കാനാണ് ഇസ്റോ നിശ്ചിയിച്ചിരുന്നത്. എന്നാൽ ചന്ദ്രനിലെ സാഹചര്യങ്ങൾ അനുകൂലമായതോടെ റോവർ രാത്രി 10-ന് പുറത്തിറക്കുകയായിരുന്നു. നേരത്തെ, ചന്ദ്രനിൽ ലാൻഡ് ചെയ്തതിന് ശേഷം ലാൻഡർ ആദ്യമായി പകർത്തിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങൾ ഇസ്റോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ഇന്നലെ വൈകിട്ട് ആറിനാണ് ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന ചരിത്ര നേട്ടമാണ് ഇതോടെ പിറന്നത്. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന റിക്കാർഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ചന്ദ്രയാൻ-3 ദൗത്യത്തിൽ റോവർ സഞ്ചരിക്കുന്ന ഇടത്തുനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ലാൻഡറിലേക്കും അവിടെ നിന്ന് ഇസ്രോ മിഷൻ കൺട്രോളിലേക്കും കിട്ടും. അടുത്ത 14 ദിവസം, പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ നിന്നും ചിത്രങ്ങളും വിവരങ്ങളും അയയ്ക്കും. 14 ദിവസത്തിന് ശേഷം പതിയെ പ്രവർത്തനം മന്ദഗതിയിലാകും. കാരണം സൗരോർജ്ജ സെല്ലുകൾ വഴിയാണ് റോവർ പ്രവർത്തിക്കുന്നത്.
ലാൻഡറിൽ നിന്ന് നിശ്ചിത ദൂരത്തിൽ മാത്രമാണ് റോവർ സഞ്ചരിക്കുക. വെള്ളത്തിന്റെ സാന്നിധ്യമുൾപ്പെടെ പഠിക്കാൻ ഒരു ചാന്ദ്രദിനം, അതായത് ഭൂമിയിലെ 14 ദിവസമാകും റോവറിന് ലഭിക്കുക. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ വഴിയാകും ലാൻഡറുമായി ആശയവിനിമയം നടത്തുന്നത്. റോവറിന്റെ മുന്നിലായുള്ള രണ്ട് 1 മെഗാപിക്സൽ മോണോക്രോമാറ്റിക് ക്യാമറകൾ വഴിയാണ് ഭൂമിയുള്ള ചിത്രങ്ങളെടുക്കുക.
ചന്ദ്രനിൽ സൂര്യപ്രകാശം അകന്ന് രാത്രി പടരുന്നതോടെ റോവറിന്റെ സൗരോർജ്ജ പാനലുകൾ അടഞ്ഞുപോകാനാണ് സാധ്യത. മേഖലയിൽ ജലസാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രഗ്യാൻ അയക്കുന്ന ഡാറ്റ സുപ്രധാനമാണ്.
ചന്ദ്രന്റെ ഉപരിതലത്തിന്റെ ത്രിഡി രൂപം ലഭിക്കുന്നതോടെ റോവറിന്റെ സഞ്ചാര പാത എളുപ്പം തീരുമാനിക്കാൻ സാധിക്കും ആറുചക്രമുള്ള പ്രഗ്യാൻ റോവറിന് ഏകദേശം 27 കിലോഗ്രാം ഭാരമുണ്ട്. സൗരോർജ പാനലുകളാണ് പ്രഗ്യാന് പ്രവർത്തിക്കാൻ വേണ്ട ഊർജം നൽകുക.
സെക്കൻഡിൽ ഒരുസെന്റിമീറ്റർ വേഗത്തിലാണ് പ്രഗ്യാൻ ചന്ദ്രന്റെ ഉപരിതലത്തിൽ സഞ്ചരിക്കുക. ആകെ അര കിലോമീറ്ററോളം ദൂരം ചാന്ദ്ര വാഹനം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് അടി നീളവും 2.5 അടി വീതിയും 2.8 അടി ഉയരവുമാണ് പ്രഗ്യാനുള്ളത്. സൗരോർജ്ജ പാനലുകൾ വിടർത്തിയ ശേഷമാണ് പ്രഗ്യാൻ പുറത്തിറങ്ങിയത്. ലാൻഡറുമായി ഒരു വയർ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ചന്ദ്രോപരിതലത്തിൽ റോവർ നിലയുറപ്പിച്ചാൽ ഈ വയർ വിച്ഛേദിക്കപ്പെടും. തുടർന്ന് പര്യവേക്ഷണം തുടങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.