പൂവാർ: തന്റെ അച്ഛനെ കൊന്ന കൊലയാളികളെ കണ്ടെത്താൻ അന്വേഷണം ആവശ്യപ്പെട്ട മകനെ തന്നെ കുറ്റവാളിയാക്കി ജയിലിലടച്ച് സിബിഐ.
ഒൻപത് വർഷത്തെ ജയിൽ വാസം, ഒടുവിൽ നീതി ദേവത കണ്ണുതുറന്നു. പലചരക്ക് വ്യാപാരി വിൽസൺ വധക്കേസിൽ പ്രതിയായി കണ്ടെത്തിയ മകൻ കാഞ്ഞിരംകുളം ചാണി തൻപൊൻകാല എ.ജെ. ഭവനിൽ ജ്യോതികുമാർ (49)ന് ഒടുവിൽ മോചനം.
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഒൻപത് വർഷത്തെ ജയിൽ വാസത്തിന് ശേഷം ജ്യോതികുമാറിനെ വെറുതെ വിട്ടത്. തന്‍റെ അച്ഛനെ കൊന്ന കൊലയാളികളെ കണ്ടെത്താൻ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ വിഭാഗമായ സിബിഐ കൊണ്ട് അന്വേഷിക്കാൻ ആവശ്യപ്പെട്ട മകനെ തന്നെ കൊലയാളിയാക്കുകയായിരുന്നു സിബിഐ.സിബിഐ അന്വേഷണത്തിനൊടുവിൽ ജ്യോതികുമാറിനെ കോടതി ജീവപര്യന്ത്യം ശിക്ഷിച്ചു. വാദിയെ പ്രതിയാക്കി കളിച്ച നാടകത്തിനൊടുവിൽ ഒൻപതര വർഷം ജയിലിൽ. ഒടുവിൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 17ന് ഹൈക്കോടതി കുറ്റവിമുക്തനാക്കി.
ജ്യോതികുമാറിനെ 2004 ഫെബ്രുവരി 16-ാം തീയതിയാണ് കത്തികൊണ്ട് കുത്തേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവെ വിൻസൻ മരണപ്പെടുന്നത്.
കാഞ്ഞിരംകുളം പൊലീസ് അന്വേഷിച്ച കേസിൽ റിട്ട.ജയിൽ സൂപ്രണ്ട് വിൽഫോർഡ്, മകൻ റോളണ്ട് എന്നിവരായിരുന്നു പ്രതികൾ. വിൽഫോർഡിന്‍റെ വീട്ടുമുറ്റത്ത് രാവിലെ 6.15 ഓടെയാണ് വിൽസൺ മാരകമായി കുത്തേറ്റ് കിടന്നത്.
വിൽസനും വിൽഫോർഡും തമ്മിൽ സാമ്പത്തിക ഇടപാട് തർക്കമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന വീട്ടുക്കാരുടെ സംശയവും, അന്വേഷണം തൃപ്തികരമല്ലാതിരുന്നതിനാലും മകൻ ജ്യോതികുമാറും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് സമ്പാദിച്ചു.
എന്നാൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതോടെ കേസിൽ പുതിയ കഥകൾ രചിക്കപ്പെട്ടു. വാദിയായ ജ്യോതികുമാറിനെ പ്രതിയാക്കി മുൻ പ്രതികളെ ഒഴിവാക്കി കൊണ്ട് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സി.ബി.ഐ കോടതിയിൽ നടന്ന വിചാരണയിൽ പ്രോസിക്യൂഷൻ 80 സാക്ഷികളെ വിസ്തരിച്ചു. 88 രേഖകളും 7 തൊണ്ടി മുതലുകളും കോടതിയിൽ തെളിവായി ഹാജരാക്കി.
ഇതിന് പുറമെ ജ്യോതികുമാർ ബ്രെയിൻ മാപ്പിംഗ് പരിശോധനയ്ക്ക് തയ്യാറാണെന്നും കോടതിയിൽ സമ്മതപത്രം നൽകി. വിചാരണയ്ക്കൊടുവിൽ പ്രതിയായ ജ്യോതികുമാറിനെ കുറ്റക്കാരനാണെന്ന് കണ്ട് ജീവപര്യന്തം തടവിനും 50000 രൂപ പിഴയൊടുക്കാനും സി.ബി.ഐ കോടതി ഉത്തരവിടുകയായിരുന്നു.
അതിനെതിരെ അപ്പീൽ നൽകാൻ ഒരു വക്കീലിനെ ഏർപ്പാടാക്കിയെങ്കിലും അപ്പീൽ നൽകാതെ അയാളും ചതിച്ചു. ഒടുവിൽ നെയ്യാറ്റിൻകര സ്വദേശിയായ അഡ്വ. സുനിൽ രാജിന്റെ സഹായത്താൽ ഹൈക്കോടതിയിൽ അഡ്വ. ഷാജിൻ എസ്.ഹമീദ് കേസ് ഏറ്റെടുത്ത് 2018-ൽ അപ്പീൽ ഫയൽ ചെയ്തു.
ഹൈക്കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾക്കൊടുവിലാണ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, സി.എസ് സുധ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് ജ്യോതികുമാറിനെ വെറുതെ വിട്ടു കൊണ്ട് ഉത്തരവായത്.
കേസിൽ പ്രതിയാക്കപ്പെട്ടതോടെ കെ.എസ്.ആർ.ടി സിയിലെ താല്ക്കാലിക കണ്ടക്ടർ ജോലി ജ്യോതികുമാറിന് നഷ്ടപ്പെട്ടിരുന്നു. അച്ഛനെ കൊന്നവനെന്ന് മുദ്രകുത്തി നാട്ടുകാരും ഒറ്റപ്പെടുത്തി. നഴ്സായ ഭാര്യയും രണ്ട് പെൺ മക്കളും തൃശൂരിലെ കുന്നംകുളത്തേയ്ക്ക് താമസം മാറ്റി.
ജയിൽ വാസവും മാനസിക പീഢനവും കാരണം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച നാളുകൾ നിരവധിയാണെന്ന് ജ്യോതികുമാർ പറയുന്നു. സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ കൈമൾ, ഒന്നാം പ്രതിയായിരുന്ന വിൽഫോർഡ് എന്നിവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
വ്യാപാരിയായ വിൽസനെ കുത്തിക്കൊന്ന കൊലയാളി ആരെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. തന്‍റെ ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളായ യഥാർത്ഥ കൊലയാളിയെ കണ്ടെത്തേണ്ടത് ഇനി നിയമവ്യവസ്ഥയുടെ ഉത്തരവാദിത്തമാണെന്നാണ് വിൽസന്റെ ഭാര്യ ബേബി പറയുന്നത്.
മകൻ തെറ്റുകാരനല്ലെന്ന് തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും ബേബി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.