ആലപ്പുഴ: എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.യുടെ ആലപ്പുഴയിലെ ഔദ്യോഗിക ഓഫീസായി പ്രവർത്തിക്കുന്ന വീട്ടിൽ മോഷണം. ജനൽക്കമ്പികൾ ഇളക്കിമാറ്റി അകത്തുകടന്ന മോഷ്ടാക്കൾ ലെറ്റർപാഡ്, ചെക്ക്‌ലീഫുകൾ, വാച്ചുകൾ, ഫയലുകൾ എന്നിവ കവർന്നു. ഓഫീസ് മുറിയിലെയും കിടപ്പുമുറിയിലെയും അലരമാരകളിലെ ഫയലുകൾ അലങ്കോലമാക്കി.
സ്റ്റാഫംഗം അജ്മൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ എത്തിയപ്പോഴാണു വിവരമറിയുന്നത്. വ്യാഴാഴ്ച രാത്രി 11.30 വരെ അജ്മലും യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് നൂറുദ്ദീൻ കോയയും വീട്ടിലുണ്ടായിരുന്നു. ഇവർ പോയശേഷമാണു മോഷണം നടന്നത്.വീടിന്റെ പിൻഭാഗത്തെ ജനൽക്കമ്പികൾ ഇളക്കിയാണു കള്ളൻ അകത്തുകടന്നത്. ലാപ്ടോപ്പും മൊബൈൽഫോണും കവർന്നെന്നാണു ജീവനക്കാർ ആദ്യം കരുതിയതെങ്കിലും പരിശോധനയിൽ ഇവ നഷ്ടമായില്ലെന്നു വ്യക്തമായി. പോലീസും വിരലടയാളവിദഗ്ധരും ഡോഗ്സ്ക്വാഡും പരിശോധന നടത്തി. മണംപിടിച്ച പോലീസ് നായ കളർകോട് ഭാഗത്തേക്കാണ് ഓടിയത്. ആലപ്പുഴ കൈതവന വാർഡിലാണ് വീട്. ഇതിനുസമീപമുള്ള രണ്ടു വീടുകളിൽ അടുത്തിടെ മോഷണം നടന്നിരുന്നു.
പകൽ വീട്ടമ്മയുടെ കഴുത്തിൽ കയർമുറുക്കി നാലരപ്പന്റെ സ്വർണം കവർന്നതാണ് ആദ്യ സംഭവം. പിന്നാലെ മറ്റൊരുവീട്ടിൽനിന്ന് 20 പവൻ സ്വർണവും മോഷണം പോയി. രണ്ടുസംഭവങ്ങളിലെയും പ്രതികളെ പിടിക്കാൻ പോലീസിനു കഴിഞ്ഞിട്ടില്ല.
വേണുഗോപാൽ ആലപ്പുഴ എം.എൽ.എ. ആയിരുന്നപ്പോഴാണ് രാജീവം എന്ന വീട് വാടകയ്ക്കെടുത്തത്. പിന്നീട് ഡൽഹിയിലേക്കു പോയെങ്കിലും ഈ വീട് ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുകയായിരുന്നു. എച്ച്. സലാം എം.എൽ.എ. വീടുസന്ദർശിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.