ന്യൂഡല്‍ഹി: കരാര്‍നിയമനത്തിന്റെ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി.മറ്റേണിറ്റി ബെനിഫിറ്റ്സ് ആക്റ്റിലെ അഞ്ചാം വകുപ്പ് തൊഴില്‍ ചെയ്തിരുന്ന കാലയളവിനും അപ്പുറം പ്രസവാനുകൂല്യങ്ങള്‍ നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് അനിരുദ്ധാബോസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു.
ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള ജനക്പുരിയിലെ ക്ലിനിക്കില്‍ കരാര്‍അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന വനിതാഡോക്ടര്‍ക്ക് മൂന്നുമാസത്തിനകം പ്രസവാനുകൂല്യങ്ങള്‍ നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്ക് നിയമനം ലഭിച്ച ഡോക്ടര്‍ 2017 ജൂണ്‍ ഒന്ന് മുതല്‍ പ്രസവാവധിക്ക് അപേക്ഷിച്ചു. എന്നാല്‍, 2017 ജൂണ്‍ 11ന് മൂന്ന് വര്‍ഷത്തെ കരാര്‍കാലാവധി പിന്നിട്ടെന്നും കരാര്‍ പുതുക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.
കരാര്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ഡോക്ടര്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ നല്‍കിയില്ല. ഈ നടപടി ചോദ്യം ചെയ്ത് ഡോക്ടര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും 11 ദിവസത്തെ ആനുകൂല്യങ്ങള്‍ മാത്രം നല്കിയാല് മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിന് എതിരായ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്.
മറ്റേണിറ്റി ബെനിഫിറ്റ്സ് ആക്റ്റ് 12 (2എ) വകുപ്പ് അനുസരിച്ച് ഗര്‍ഭിണിയായ അവസരത്തില്‍ പിരിച്ചുവിടുകയോ ഒഴിവാക്കുകയോ ചെയ്താലും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന വ്യവസ്ഥയുള്ള വസ്തുത സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.
ഈ രീതിയില്‍ ജോലി ചെയ്തിരുന്ന കാലത്തിനും അപ്പുറത്തേക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന സംവിധാനം നിയമത്തിനകത്ത് തന്നെയുള്ള സാഹചര്യത്തില്‍ അതിനെ ജോലി ചെയ്തിരുന്ന കാലത്തേക്ക് മാത്രമായി ചുരുക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വിശദീകരിച്ചു.
മറ്റേണിറ്റി ബെനിഫിറ്റ്സ് ആക്റ്റില്‍ ഗര്‍ഭാവധി, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, നവജാതശിശുവിന്റെ സംരക്ഷണത്തിനുള്ള അവധി തുടങ്ങി ഏത് കരാറിനും അപ്പുറത്തേക്ക് പോകുന്ന വ്യവസ്ഥകളുണ്ടെന്ന് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ അഡ്വ. സൗരവ്ഗുപ്ത വാദിച്ചു.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.