ആലപ്പുഴ: കാലവർഷം ശക്തിപ്രാപിച്ചതോടെ ജലനിരപ്പുയർന്ന് വീടുകളിൽ താമസിക്കാൻ പറ്റാതായവർക്ക് കുട്ടനാട്ടിലും ജില്ലയിലെ മറ്റ് താലൂക്കുകളിലും ആവശ്യത്തിന് ക്യാമ്പുകൾ ആരംഭിച്ച് താമസസൗകര്യം ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് പറഞ്ഞു.
ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതിനും ഭക്ഷണം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 58 ക്യാമ്പുകളിലായി 1108 കുടുംബങ്ങൾ ഉണ്ട്. 3754 പേർ ക്യാമ്പുകളിൽ കഴിയുന്നു. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട ഏതു സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടവും വകുപ്പുകളും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.
കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും മടവീഴ്ച ഉണ്ടായ പ്രദേശങ്ങളും ശനിയാഴ്ച സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കിഴക്കൻ ഭാഗങ്ങളിൽ മഴ പെയ്യുമ്പോൾ കുട്ടനാട്ടിലേക്ക് വെള്ളം ഉയരുന്ന രീതിയാണ് കണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു. അച്ചൻകോവിലാർ മണിമലയാറും പമ്പയും എല്ലാം കരകവിഞ്ഞൊഴുകുന്നതോടെ കുട്ടനാട് വെള്ളത്തിനടിയിൽ ആകുന്ന അവസ്ഥയുണ്ട്.
കുട്ടനാട് ഭാഗത്ത് മഴ കാര്യമായി കഴിഞ്ഞ ദിവസങ്ങളിൽ പെയ്തില്ലെങ്കിലും ജലനിരപ്പുയർന്നു തന്നെ നിൽക്കുകയാണ്. ജില്ലയിലാകെ നൂറിലധികം വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. ക്യാമ്പുകളിൽ വൈദ്യ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മിക്ക ക്യാമ്പുകളിലും കഴിഞ്ഞ ദിവസം സന്ദർശനം നടത്തി.
കുട്ടനാട്ടിലെ ജലനിരപ്പ് താഴുന്നതിന് തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികൾ മുറിച്ചിട്ടുണ്ട്. കൃഷി വകുപ്പും ആരോഗ്യവകുപ്പും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് കൃഷിനാശം സംബന്ധിച്ച പ്രാഥമിക കണക്കെടുത്തുവരുകയാണ്. ഇതുവരെ 96 കോടി രൂപയുടെ കൃഷി നാശം ഉണ്ടായതായി കർഷകരിൽ നിന്നുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിച്ചപ്പോൾ കണ്ടെത്തിയിട്ടുണ്ട്.പരിശോധന പൂർത്തിയാകുമ്പോൾ ഇതിൽ നിന്നും മാറ്റം വരാനാണ് സാധ്യത എന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതൽ കൃഷിനാശം ആലപ്പുഴയിലാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷിനാശം ഓണ വിപണിയെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.കുട്ടനാട്ടിലെ പ്രശ്‌നങ്ങൾ സ്ഥായിയായി പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.ചമ്പക്കുളം പോരൂക്കര സെൻട്രൽ സ്‌കൂളിലെ ക്യാമ്പ്,നെടുമുടി സെൻമേരിസ് ഹൈസ്‌കൂളിലെ ക്യാമ്പ് എന്നിവിടങ്ങളിലും മന്ത്രിയും എം.എൽ.എ.യും സന്ദർശിച്ചു.
ചമ്പക്കുളം ഇടംമ്പാടം മാനങ്കേരിയിലെ മടവീഴ്ച ഉണ്ടായ പ്രദേശങ്ങളും സന്ദർശനം നടത്തി. ജില്ല കളക്ടർ ഹരിതാ വി.കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.രാജേന്ദ്രകുമാർ, റ്റി.ജി.ജലജകുമാരി, മിനി മന്മദൻ നായർ, സബ് കളക്ടർ സൂരജ് ഷാജി, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ അനിത ജെയിംസ്, കുട്ടനാട് തഹസിൽദാർ എസ്.അൻവർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.