തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയും ഭർത്താവും രണ്ട് മക്കളുമാണ് വിഷം കഴിച്ചത്. ഇവരില്‍ അച്ഛനും മകളും മരിച്ചു. അമ്മയേയും മകനേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങമല പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്.
കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ മറ്റൊരു മുതിർന്ന സ്ത്രീയാണ് ഇന്ന് രാവിലെയോടെ നാലുപേരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷം കഴിച്ചിരുന്നെങ്കിലും മകന് രാവിലെയോടെ റൂമിന് പുറത്തേക്ക് ഇറങ്ങി വരികയും വിഷം കഴിച്ചതായി വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അറിയിച്ചെന്നുമാണ് റിപ്പോർട്ട്.
വിവരം അറിഞ്ഞ ഉടന്‍ തന്നെ വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി അമ്മയേയും മകനേയും ആശുപത്രിയിലേക്ക് മാറ്റി. അപ്പോഴേക്കും ശിവരാജന്റേയും മകള്‍ അഭിരാമിയുടേയും മരണം സ്ഥിരീകരിച്ചിരുന്നു. പുളിമൂട് ജംങ്ഷനില്‍ അഭിരാമി ജ്വല്ലറിയെന്ന സ്ഥാപനം നടത്തി വരികയായിരുന്നു ശിവരാജന്. ഇദ്ദേഹത്തിന് കാര്യമായ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ തന്നെ പറയുന്നത്. ഈ മനോവിഷമത്തിലാവാം ആത്മഹത്യാ ശ്രമമെന്നും സൂചനയുണ്ട്.
മറ്റുള്ളവർ അറിയാതെയാണ് ശിവരാജന് ഭക്ഷണത്തില്‍ വിഷം കലർത്തിയതെന്ന സൂചനയുമുണ്ട്. നിലവില്‍ ശിവരാജന്റേയും അഭിരാമിയുടേയും മൃതദേഹം വീട്ടില്‍ തന്നെയാണ് ഉള്ളത്. തുടർ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പത്ത് മണിയോടെ ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.