വിനീത് അറയ്ക്കലിന്റെ ഇറ്റാലിയൻ കുലകണ്ട്‌ ഞെട്ടി മലയാളികൾ..!

ഷെഫീല്‍ഡ്: ഇറ്റലിയിൽ വിനീത് അറയ്ക്കല്‍ വിളയിച്ച കുലകണ്ട്‌  മൂക്കത്തു വിരല്‍ വച്ച്  മലയാളികൾ, ഒരു വാഴയില്‍ കുല ഉണ്ടാവുക എന്നത് തന്നെ അതിശയിപ്പിക്കുന്ന കാര്യമായ യൂറോപ്പില്‍ കേരളത്തിലെ വാഴക്കുലകള്‍ നാണിക്കും വിധം വമ്പന്‍ കുല ഉണ്ടാവുകയും അത് മുഴുവന്‍ മൂത്തു പഴുത്തു മഞ്ഞ നിറത്തില്‍ കൊതിപ്പിക്കുകയും ചെയ്യുമ്പോള്‍ പിന്നെ അതിശയപ്പെടാതെ മറ്റെന്തു വഴി.

ചൂടേറിയ ആസ്ട്രേലിയയില്‍ പോലും ഇത്തരം കാഴ്ചകള്‍ അപൂര്‍വ്വമായ സാഹചര്യത്തില്‍ ചേര്‍ത്തല സ്വദേശി വിനീത് അറയ്ക്കല്‍ വിളയിച്ച അസല്‍ പാളയംകോടന്‍ കുല അത്ഭുത കാഴ്ചയായി മാറുകയാണ്, യൂറോപ്പില്‍ എങ്ങും താപനില റെക്കോര്‍ഡ് ഇട്ടു കയറുമ്പോള്‍ കഴിഞ്ഞ ആഴ്ചകളില്‍ താപനില ശരാശരി 30 ഡിഗ്രിക്ക് മുകളില്‍ കയറിയതും വിനീതിന്റെ കുലയ്ക്ക് കേരളത്തിലെ അസല്‍ ഓണ കാഴ്ചക്കുലയുടെ ചന്തം നല്‍കിയിരിക്കുകയാണ്.

റോമിലെ തന്റെ ഫ്‌ളാറ്റിലെ ചെറിയ പ്ലോട്ടില്‍ 34-കിലോയുടെ വാഴക്കുലയാണ് വിനീത് വിളയിപ്പിച്ചത്. കേരളത്തിലെ വീടുകളില്‍ സാധാരണയായി കൃഷി ചെയ്യുന്ന പാളയങ്കോടന്‍ വാഴയിനത്തില്‍ നിന്നാണ് ഇത്രയും തൂക്കമുള്ള വാഴക്കുല കുലപ്പിച്ചെടുത്തത്. മുപ്പതു കൊല്ലം മുന്‍പ് ഇറ്റലിയില്‍ കുടിയേറിയ വിനീത് പത്തു പതിനഞ്ചു കൊല്ലം മുന്‍പാണ് കൃഷിയില്‍ കൈവെക്കാന്‍ തുടങ്ങിയത്. 

ചെറുപ്പം മുതലേയുള്ള തന്റെ കൃഷിയോടുള്ള ആത്മാര്‍ത്ഥതയും സ്‌നേഹവുമാണ് വീട്ടുവളപ്പിലെ ചെറിയ സ്ഥലത്ത് ആദ്യമായി വാഴ കൃഷി ചെയ്യാന്‍ പ്രചോദനമായത്. നാട്ടിലെ തന്റെ പുരയിടത്തില്‍ മാവും പ്ലാവും വാഴയും കശുമാവും കൈതച്ചക്കയും സപ്പോട്ടയും നാരകവും 

കമ്പിളിനാരങ്ങായും അമ്പഴവും സീതപ്പഴവും ആത്തച്ചക്കയും കടച്ചക്കയും തുടങ്ങി എല്ലാത്തരം ഫലവൃക്ഷങ്ങളും വളര്‍ത്തി പരിപാലിച്ചുകൊണ്ടിരുന്ന വിനീതിന് റോമിലെ താമസത്തിലും വെറുതെയിരിക്കുവാന്‍ സാധിക്കില്ല എന്ന് മനസ്സിലായി. അതിന്റെ തെളിവായിരുന്നു വളരെ ചെറിയ സ്ഥലത്തു ചെയ്ത തന്റെ വാഴകൃഷി.

ആദ്യകാലത്തു വാഴ വളരാന്‍ അല്‍പ്പം മടി കാണിച്ചിരുന്നു എന്ന് വിനീത് പറയുന്നു. നാട്ടിലെപ്പോലെ വാഴയ്ക്ക് രാവിലെയും വൈകീട്ടും വെള്ളം നനച്ചും മറ്റും പാലിപാലിച്ചു പോരുകയും ചെയ്തെങ്കിലും ഇറ്റലിയിലെ അതിശൈത്യത്തെ മറികടക്കാന് സാധിച്ചില്ല. 

എന്നാല്‍ യൂറോപ്പിലെ അതിശൈത്യവും സൂര്യപ്രകാശ ചൂടിന്റെ കുറവും തന്റെ കൃഷിയെ ബാധിക്കാതെ എങ്ങനെ മറികടക്കാം എന്ന അന്വേഷണങ്ങളും തന്റെ നാട്ടറിവുകളും ഒപ്പം നിശ്ചയദാര്‍ഢ്യവും കൃത്യമായ പരിപാലനവും ചേര്‍ന്നപ്പോള്‍ വീട്ടുമുറ്റത്ത് ഘടാഘടിയന്‍മാരായ വാഴകള്‍ കുലച്ചു പൊന്തി. 

അങ്ങനെ വാഴവെച്ചു മൂന്നാം വര്‍ഷം മുതല്‍ കുലകള്‍ ലഭിക്കുവാന്‍ തുടങ്ങി. ആദ്യകാലത്തു ചെറിയ കുലകളായിരുന്നു ലഭിച്ചതെങ്കില്‍ പിന്നീടങ്ങോട്ട് വാഴയ്ക്കും വഴക്കുലയ്ക്കും നല്‍കിയ കൃത്യമായ പരിപാലനത്തിലൂടെ വഴക്കുലയ്ക്കു തൂക്കവും വലിപ്പവും വര്‍ധിപ്പിക്കുവാനായെന്നു വിനീത് പറയുന്നു. ഇപ്പോള്‍ ലഭിച്ച വാഴക്കുല കുലച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ വാഴപ്പഴ ഉത്പാദക രാജ്യമാണ് ഇന്ത്യ. എങ്കിലും യുക്കെ ഉള്‍പ്പടെ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലേക്കും 89% വാഴപ്പഴവും ഇറക്കുമതി ചെയ്യുന്നത് ലാറ്റിനമേരിക്കയില്‍ നിന്നും ആഫ്രിക്കന്‍, കരീബിയന്‍, പസഫിക് രാജ്യങ്ങളില്‍ നിന്നുമാണ്. യൂറോപ്യന്‍ പൗരന്മാര്‍ പ്രധാന വാഴപ്പഴ ഉപഭോക്താക്കളാണ്. 

യൂറോപ്പിലെ കാലാവസ്ഥയില്‍ ഒരിക്കലും ഉഷ്ണമേഖലാ രാജ്യങ്ങളില്‍ വളരുന്ന ഫലവൃക്ഷങ്ങള്‍ വളരാന്‍ തക്ക അന്തരീക്ഷം ഇല്ലാതിരിക്കുമ്പോഴാണ് അതിനെ മറികടന്നു മലയാളികള്‍ വാഴയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനിലയായ 27 ഡിഗ്രി സെല്‍ഷ്യസിനു താഴെ താപനിലയുള്ള സ്ഥലത്തു വാഴ കുലപ്പിക്കുന്നത്.

പ്രവാസികളില്‍ കാര്‍ഷിക സ്‌നേഹം ഉണ്ടാവുന്നത് മലയാളിയുടെ ഗൃഹാതുരത്വ ഓര്‍മ്മകള്‍ കൊണ്ടുകൂടിയാണ്. പലസമയങ്ങളിലായി ബ്രിട്ടീഷ് മലയാളിയില്‍ വന്ന ബ്രിട്ടനിലെ കൃഷിക്കാരുടെ അതിശയിപ്പിക്കുന്ന കഥകള്‍ തന്നെ അതിനു ഉദാഹരണങ്ങളാണ്. 

ലിവര്‍പൂളിലെ സണ്ണി മണ്ണാരത്ത്, കേംബ്രിഡ്ജിലെ ബിനോയ് തോമസ്, കവന്‍ട്രിയില്‍ താമസിക്കുന്ന സെന്തില്‍ എന്ന തമിഴ് വംശജന്‍ തുടങ്ങി പലരുടെയും കൃഷിയുടെ വിജയകഥകള്‍ പ്രവാസ ലോകം അറിഞ്ഞത് ബ്രിട്ടീഷ് മലയാളിയിലൂടെയായിരുന്നു.എങ്ങനെയാണ് ഇത്തരത്തില്‍ വാഴകള്‍ വളര്‍ത്താന്‍ സാധിക്കുന്നതെന്നതിനു വിനീത് പറഞ്ഞത് ഇപ്രകാരമാണ്.

'അന്തരീക്ഷ ഊഷ്മാവ് 25 ഡിഗ്രിയില്‍ നിന്ന് താഴാന്‍ തുടങ്ങുമ്പോള്‍ തന്നെ കുലയും വാഴയുടെ തണ്ടും നന്നായി പൊതിഞ്ഞ് സംരക്ഷിക്കാന്‍ തുടങ്ങി. വാഴയുടെ ചുവട് സംരക്ഷിക്കാന്‍ വഴിയോരങ്ങളില്‍ കാണുന്ന പൊന്തന്‍ നാരുകള്‍ ഉള്ള ചെടികള്‍ വെട്ടി മൂടിവെച്ചും, ലഭ്യമാകുന്ന സൂര്യപ്രകാശം എല്ലാം തന്നെ ലഭിക്കുവാനായി സുതാര്യമായ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ ഉപയോഗിച്ച് വാഴയുടെ തണ്ടുകള്‍ പൊതിഞ്ഞും, വാഴക്കുലകള്‍ പൊതിയാന്‍ പ്ലാസ്റ്റിക്ക് ബബ്ബിള്‍ റാപ്പിംഗ് ഷീറ്റുകളുമാണ് ഉപയോഗിച്ചത്. 

ഒപ്പം വാഴ നനയ്ക്കുന്നത് രാവിലെ മാത്രമാക്കി. ഇതുമൂലം രാത്രിയെത്തുന്നതിനു മുന്‍പ് തന്നെ ചുവട്ടിലെ വെള്ളം വാഴ വലിച്ചെടുക്കുകയും ശൈത്യകാഠിന്യം മൂലം കെട്ടികിടക്കുന്ന വെള്ളം മൂലം വേരുകള്‍ നശിക്കുന്നത് തടയാനും സാധിച്ചു. നാട്ടിലെപ്പോലെയുള്ള കൂമ്പടപ്പ് രോഗമൊന്നും യൂറോപ്പില്‍ വളരുന്ന വാഴയ്ക്ക് വരില്ലെങ്കിലും ഫങ്കസ് രോഗം വരാന്‍ സാധ്യതയുണ്ട് എന്ന് വിനീത് സാക്ഷ്യപ്പെടുത്തുന്നു.

അങ്ങനെ ഒരിക്കല്‍ ഒരു വാഴയ്ക്ക് വന്നപ്പോള്‍ വിപണിയില്‍ ലഭ്യമായ കീടനാശിനി വാങ്ങി നേര്‍പ്പിച്ച് ഫംഗസ് രോഗം വന്ന വാഴയുടെ തണ്ടിലും ചുവടിലും സിറിഞ്ച് കൊണ്ട് കുത്തിക്കയറ്റി ഒഴിച്ച് ഫംഗസ് രോഗം നിശ്ശേഷം ഇല്ലാതാക്കി. വാഴയ്ക്ക് വണ്ണം വെയ്ക്കാന്‍ വളമായി നല്‍കിയത് വിപണിയില്‍ ലഭിക്കുന്ന പശു / കുതിര ചാണകവും കുതിരമൂത്രവും അടങ്ങുന്ന മിശ്രിതമായ ഓര്‍ഗാനിക് പെല്ലറ്റ് വളങ്ങളാണ്'. 

നിലവില്‍ നാട്ടില്‍ നിന്ന് കൊണ്ടുവന്ന പതിനേഴു വാഴകളാണ് ഇപ്പോള്‍ വിനീത് കൃഷി ചെയ്തിരിക്കുന്നത് അതില്‍ ഞാലിപ്പൂവന്‍, മൈസൂര്‍ പൂവന്‍, റോബസ്റ്റ, പച്ച ചിങ്ങന്‍ എന്നിവയെല്ലാമുണ്ട്. ഇപ്പോള്‍ ലഭിച്ച 34 കിലോയുള്ള വാഴക്കുലയുടെ അമ്മവാഴയില്‍ നിന്ന് കഴിഞ്ഞ കൊല്ലം ലഭിച്ചത് 29 കിലോയുള്ള വാഴക്കുലയായിരുന്നു. 

ഒരു പടലയുടെ തൂക്കം ഏകദേശം ഏഴു കിലോയായിരുന്നു. ഇപ്പോള്‍ ലഭിച്ച ഈ കുലയില്‍ നിന്നുമുള്ള വാഴപ്പഴങ്ങള്‍ ഇറ്റലിയിലെ തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും വിതരണം ചെയ്തുകഴിഞ്ഞു. 

ലാറ്റിനമേരിക്കയില്‍ നിന്നും മറ്റും വരുന്ന ഒരേയിനത്തിലെ വാഴപ്പഴങ്ങള്‍ കഴിച്ചുകൊണ്ടിരുന്ന സായിപ്പന്മാര്‍ ഇപ്പോള്‍ പാളയങ്കോടന്‍ പഴത്തിന്റെ മധുര-രുചിയറിഞ്ഞ അമ്പരപ്പില്‍ തന്നെയാണ്. നിരവധി ആളുകളാണ് വാഴ കൃഷി കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !