തിരുവനന്തപുരം; നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ യുവതി അഞ്ചുതെങ്ങിൽ പിടിയിൽ കുഞ്ഞിന്റെ മാതാവ് തന്നെയാണ് കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു കേസിൽ അഞ്ചുതെങ്ങ് സ്വദേശി ജൂലി(36) യെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണു പ്രാഥമിക നിഗമനം.
ജൂലൈ പതിനഞ്ചാം തീയതി പുലർച്ചെ 5 മണിക്കാണ് വീടിനു സമീപത്തെ ശുചിമുറിയിൽ ജൂലി പ്രസവിച്ചത്. അതിനുശേഷം കത്രിക കൊണ്ട് പൊക്കിൾകൊടി നീക്കം ചെയ്തു. കുട്ടി കരഞ്ഞപ്പോൾ വായും മൂക്കും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് അന്വഷണത്തിൽ വ്യക്തമായത്.
വീട്ടിനുള്ളിൽനിന്നു വെട്ടുകത്തി കൊണ്ടു വന്ന് സമീപത്തെ പൈപ്പിന്റെ ചുവട്ടിൽ കുഴി ഉണ്ടാക്കി മറവു ചെയ്തു. പതിനാറാം തീയതിയും പതിനെട്ടാം തീയതിയും അതിരാവിലെ കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട ഭാഗത്ത് ജൂലി പോയി നോക്കി. പതിനെട്ടാം തീയതി ചെന്നപ്പോൾ മൃതദേഹം തെരുവുനായ്ക്കൾ മാന്തിയെടുത്തതായി കണ്ടു. തുടർന്ന് ജൂലി തന്നെ കുഴി പൂർവസ്ഥിതിയിലാക്കി.
അഞ്ചുതെങ്ങ് പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജൂലിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.ആദ്യഘട്ടത്തിൽ വിസമ്മതിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ പ്രതി കുറ്റം സമ്മതിച്ചു. വിധവയായ തനിക്ക് കുഞ്ഞ് ജനിച്ചാൽ ഉണ്ടാകുന്ന അപമാന ഭയത്താൽ ആണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കുട്ടിയെ ഉദരത്തിൽ വച്ച് തന്നെ ഇല്ലാതാക്കണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ജനിക്കുന്ന ഉടൻ കൊലപ്പെടുത്തണമെന്നു നേരത്തെ തീരുമാനിച്ചിരുന്നുവെന്നും പ്രതി പൊലീസിനോടു പറഞ്ഞു. ജൂലിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.