തൃശൂര്‍: വരന്തരപ്പിള്ളിയില്‍ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ യുവാവിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് ആണ് മരിച്ചത്.
വിനോദിന്റെ ഭാര്യ നിഷ (43) ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂര്‍ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയാണ് പൊലീസ് അറസ്റ്റ് ചെയ്ത നിഷ.
ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. നിഷയുടെ ഫോണ്‍ വിളികളില്‍ സംശയാലുവായിരുന്ന വിനോദ് ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സംഭവ ദിവസം വൈകീട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോണ്‍വിളിയില്‍ മുഴുകിയിരിക്കുന്നതു കണ്ട് ഒച്ചവയ്ക്കുകയും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
നിഷ ഫോണ്‍ കൊടുക്കാതിരുന്നതോടെ ഇരുവരും തമ്മില്‍ പിടിവലിയായി. ഇതിനിടെ വിനോദ് നിഷയുടെ കൈപിടിച്ച് തിരിച്ചു. കുപിതയായ നിഷ സമീപത്തിരുന്ന മൂര്‍ച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
നെഞ്ചില്‍ കുത്തേറ്റ വിനോദ് കട്ടിലിലിരുന്നപ്പോള്‍ ഭയപ്പെട്ടു പോയ നിഷ മുറിവ് അമര്‍ത്തിപ്പിടിച്ചതിനാല്‍ ആന്തരിക രക്തസ്രാവമുണ്ടായി. ഇതോടെ വിനോദ് തളര്‍ന്നു പോയെന്നാണ് നിഗമനം.
സമീപത്തു താമസിക്കുന്ന വിനോദിന്റെ മാതാവ് ഇടയ്ക്ക് ഇവിടെ വന്നെങ്കിലും പ്രത്യേകിച്ചൊന്നും ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ തിരികെ പോയി. കുറേ സമയം കഴിഞ്ഞിട്ടും വിനോദിന്റെ രക്തസ്രാവം നിലയ്ക്കാത്തതു കണ്ട് വാഹനം വിളിച്ചുവരുത്തി നിഷ വിനോദിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായി വിനോദ് മരണത്തിനു കീഴടങ്ങി. പിടിവലിക്കിടെ നിലത്തുവീണപ്പോള്‍ എന്തോ കൊണ്ടതാണ് മുറിവിന് കാരണമെന്നാണ് നിഷ ആശുപത്രിയില്‍ അറിയിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
വിനോദിന്റെ അസ്വാഭാവിക മരണത്തെ തുടര്‍ന്ന് വരന്തരപ്പിള്ളി പൊലീസ് കേസെടുത്ത് വിനോദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാകാമെന്ന സൂചന ലഭിച്ചത്. പരിസരവാസികളോടും ബന്ധുക്കളോടും അന്വേഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്ന് കണ്ടെത്തി.
വിനോദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിഷ വീട്ടിലെത്തി തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചിരുന്നു.
ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ നിഷ കത്തി കഴുകി ഒളിപ്പിച്ചു വയ്ക്കുകയും സംഭവ സമയത്ത് വിനോദ് ധരിച്ചിരുന്ന വസ്ത്രങ്ങളിലും മറ്റും രക്തം പുരണ്ടിരുന്നതിനാല്‍ അവയെല്ലാം കത്തിച്ചു കളയുകയും ചെയ്തതായും പൊലീസ് പറയുന്നു.
മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം നിഷയെ കണ്ട് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. പിടിവലിക്കിടെ താഴെ വീണ് മുറിവേറ്റതാണെന്ന നിലപാടില്‍ ആദ്യം ഉറച്ചുനിന്ന നിഷ, ഒടുവില്‍ പിടിച്ചു നില്ക്കാനാവാതെ നടന്ന സംഭവങ്ങള്‍ തുറന്നു പറഞ്ഞു. കത്തികൊണ്ടുള്ള തന്റെ കുത്തേറ്റാണ് വിനോദ് മരിച്ചതെന്ന് നിഷ സമ്മതിച്ചതായി പൊലീസ് പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.