കോര്‍ക്ക്: കഴിഞ്ഞ വെള്ളിയാഴ്ച അയർലണ്ടിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരിയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കോർക്ക് ഇന്ത്യൻ സമൂഹം. ഇന്ത്യക്കാരും ഐറിഷ്‌കാരും ഉൾപ്പടെ നിരവധി പേർ പരേതയുടെ ഭവനാങ്കണത്തിലെത്തി. അന്തരിച്ച ദീപ ദിനമണിക്ക് ഐക്യദാർഢ്യവും പിന്തുണയും അറിയിക്കാൻ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള 150-ലധികം വ്യക്തികൾ ഒത്തുചേർന്നു.
സ്വന്തം ഭർത്താവിനാൽ കൊല്ലപ്പെട്ട ദീപയോടും,അവരുടെ കുടുംബത്തോടുമുള്ള, ഐക്യദാര്‍ഢ്യമായി ഇന്നലെ വൈകിട്ട് എട്ട് മണിയോടെ കോര്‍ക്കിലെ ഇന്ത്യന്‍ ജനതയുടെ ഒത്തുചേരൽ. വില്‍ട്ടണിലെ കാര്‍ഡിനല്‍ കോര്‍ട്ടിന്റെ ഗ്രീന്‍ ഏരിയയില്‍ എത്തിയ പ്രവാസ സമൂഹം, ദീപ കൊല്ലപ്പെട്ട വീടിന്റെ മുമ്പില്‍ പുഷ്പങ്ങളര്‍പ്പിച്ചും, മെഴുകുതിരികള്‍ തെളിച്ചും പരേതയുടെ ആത്‌മ ശാന്തിയ്ക്കായി ഓർമ്മ പ്രാർത്ഥനകളിൽ പങ്കെടുത്തു.
കോര്‍ക്കിലെത്തി അധികം കഴിയും മുൻപേ അകാലത്തിൽ പൊലിഞ്ഞ ദീപയെയും ഫാമിലിയെയും മിക്കവർക്കും പരിചയമുണ്ടായിരുന്നില്ല. എങ്കിലും അവളോടും അഞ്ച് വയസുകാരനായ മകനോട് ചേര്‍ന്ന് നിന്ന് തങ്ങളുടെ പിന്തുണ അവർ അറിയിച്ചു.
അയർലണ്ടിലെ കോർക്ക് സിറ്റിക്ക് സമീപമുള്ള വിൽട്ടണിലെ വീട്ടിൽ പാലക്കാട് സ്വദേശിനി 38 വയസ്സുള്ള ദീപ ദിനമണിയെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച കുട്ടിയെ സമ്മർ ക്യാമ്പിൽ വിട്ട ശേഷം കഴുത്തിൽ ഭർത്താവിന്റെ കുത്തേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ കൊല്ലപ്പെട്ട നിലയിൽ എമർജൻസി സർവിസസും ഗാർഡയും കണ്ടെത്തിയത്. ദീപയുടെ ഭർത്താവ് ത്രിശൂർ കാരൻ റിജിനെ (41) പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ-4 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. എങ്കിലും കുടുംബ തർക്കങ്ങളിലേയ്ക്ക് ആണ് സംഭവം ഇപ്പോൾ വിരൽ ചൂണ്ടിയിരിക്കുന്നത്.
കുടുംബ സംഭവങ്ങളുടെ മൂക സാക്ഷിയായ ദീപയുടെ അഞ്ച് വയസ്സുള്ള മകന്റെ സംരക്ഷണത്തിനായി ഫാമിലി ലെയ്‌സൺ ഓഫീസറെ ഗാർഡ നിയമിച്ചിട്ടുണ്ട്. കോർക്ക് പാത്തോളജിസ്റ്റ് ഓഫീസിലെ പ്രത്യേക സംഘം സംഭവസ്ഥലം പരിശോധിച്ച് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ദീപ ദിനമണിയുടെ മൃതദേഹം പോസ്റ്മാർട്ടത്തിന് കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. കൂട്ടുകാർക്കൊപ്പമുണ്ടായിരുന്ന ദീപയുടെ മകൻ തിരിച്ചെത്തിയപ്പോഴാണ് ദാരുണമായ വാർത്ത പുറത്ത് വന്നത്. വീട് പോലീസ് സീൽ ചെയ്തു. സംഭവത്തെക്കുറിച്ച് അറിവുള്ളവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
കോർക്കിലെ ഒരു ഫണ്ട് സർവീസ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ലഭിച്ചതിനെ തുടർന്ന് ദീപയും മകനും ഭർത്താവ് റിജിനും മാസങ്ങൾക്ക് മുമ്പ് കർദിനാൾ കോർട്ടിലെ വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. ദീപ ദിനമണിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അയർലണ്ടിലെ ഇന്ത്യൻ എംബസി കുടുംബവുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
ഐറിഷ് കുടിയേറ്റക്കാർക്കിടയിൽ പൊതുവെ സമാധാനകാംക്ഷികളെന്ന് കരുതപ്പെട്ടിരുന്ന ഇന്ത്യക്കാരുടെ കൊലപാതക വാർത്തയ്ക്ക് ഐറിഷ് ചർച്ചകളിൽ പുതിയ ചർച്ചകൾക്ക് വഴിമരുന്നിടുകയും ഇന്ത്യൻ കൊലപാതകം പുതിയ വാടക വീടുകൾ ലഭ്യമാകുന്നതിലെ ഐറിഷ് ആളുകളുടെ താത്പര്യമില്ലായ്മയിൽ എത്തിക്കുമെന്നും അയർലണ്ട് ഇന്ത്യക്കാർക്കിടയിൽ പ്രത്യേകിച്ചും കോർക്ക് പ്രവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.