കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് കേരളം. തിരുവനന്തപുരത്തുനിന്നും കോട്ടയത്തെ പുതുപ്പള്ളിയിലേക്ക് പ്രിയനേതാവിനെ യാത്രയാക്കാൻ ജനസാഗരമാണ് ഒഴുകിയെത്തിയത്.
യാത്ര 24 മണിക്കൂർ പിന്നിടുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ രാഷ്ട്രീയമായി എതിർചേരിയിലുള്ള മന്ത്രിയും കൂടെയുണ്ട്.മന്ത്രി വിഎൻ വാസവനാണ് ഔദ്യോഗിക വാഹനത്തിൽ ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്ക് കൂട്ടു ചേർന്നത്.
തിരുവനന്തപുരത്തുനിന്ന് വിലാപയാത്ര തുടങ്ങിയപ്പോൾ മുതൽ മന്ത്രിയുടെ വാഹനവും നേതാവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിന്റെ തൊട്ടുപിന്നിലുണ്ടായിരുന്നു.
കേരളത്തിന്റെ പ്രമുഖനായ രാഷ്ട്രീയ നേതാവിന് സംസ്ഥാനം നൽകുന്ന ആദരമായി ഇതിനെ കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിൽ എതിർ ചേരിയിൽ നിൽക്കുമ്പോഴും ഉമ്മൻ ചാണ്ടിയുമായി സൗഹൃദം സൂക്ഷിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം ജില്ല നൽകിയ വലിയ സംഭാവനയാണ് ആ വ്യക്തിത്വം. രണ്ട് രാഷ്ട്രീയചേരികളിൽ പ്രവർത്തിച്ചപ്പോഴും അദ്ദേഹം തികഞ്ഞ സൗഹൃദം നിലനിർത്തി. എല്ലാ പ്രശ്നങ്ങളിലും സംയമനം പുലർത്തുന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഏറ്റവും സൗമ്യമുഖമായിരുന്നു അദ്ദേഹം.- വാസവൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഒരു ദിനം പിന്നിടുമ്പോൾ സമാനതകളില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
പുലർച്ചെ അഞ്ചരയോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. നിലവിൽ ഭൗതികശരീരം ചിങ്ങവനത്തെത്തി. ഇന്നലെ രാവിലെയാണ് തിരുവനന്തപുരത്തുനിന്ന് വിലാപയാത്ര ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.