കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടെ കുത്തേറ്റ് ഡ്യുട്ടിക്കിടെ മരിച്ച പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ മണിയൻ പിള്ള (47).
മരിച്ചിട്ടും വീണ്ടും 11 വർഷം കൂടി പൊലീസ് സർവീസിൽ തുടർന്നത് ചരിത്രം. പൊലീസ് ചരിത്രത്തിലെ അപൂർവ ഏടിന് പിന്നിലും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കൈയൊപ്പുണ്ട്.
എന്തു ചെയ്യണമെന്ന് അറിയാതെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി നിന്ന മണിയൻപിള്ളയുടെ ഭാര്യ സംഗീതയ്ക്കും കുടുംബത്തിനും പുതുജീവിതം നൽകുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി.വാഹനപരിശോധനയ്ക്കിടെ ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് പാരിപ്പള്ളി പൊലീസ് ആട് ആന്റണിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കവെ ആന്റണി വർഗീസ് എന്ന ആട് ആന്റണി എഎസ്‌ഐ ജോയിയെയും ഡ്രൈവർ സിപിഒ മണിയൻ പിള്ളയെയും കുത്തിപ്പരിക്കേൽപ്പിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയൻപിള്ള ആശുപത്രിയിലെത്തിക്കുംമുമ്പേ മരിച്ചു.
മണിയൻപിള്ളയുടെ ചേതനയറ്റ ശരീരം കൊല്ലം ജില്ലയിലെ കൊട്ടറ കൈത്തറ പൊയ്കവീട്ടിലേക്ക് എത്തിയപ്പോൾ കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ ഭാര്യ സംഗീത തളർന്നിരുന്നു. എന്നാല്‍ ഉമ്മൻ ചാണ്ടിയുടെ കരുതൽ ആ കുടുംബത്തിന് തുണയായി. അസാധാരണ തീരുമാനം അസാധാരണ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടി എടുത്തു.
മണിയൻ പിള്ളയുടെ ശേഷിക്കുന്ന സർവീസ് കാലം മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും ഭാര്യക്ക് നൽകാൻ അദ്ദേഹം നിർദ്ദേശം നൽകി. മരണശേഷം നൽകുന്ന ധനസഹായം 5 ലക്ഷം രൂപയിൽനിന്ന് 10 ലക്ഷമാക്കി ഉയർത്തി. മകളുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി നൽകാനും ഉമ്മൻ ചാണ്ടി ഉത്തരവിട്ടു. കേരളം അതിന് മുമ്പ് ഇതുപോലൊരു തീരുമാനം കണ്ടിട്ടില്ല.
മരിച്ചിട്ടും പൊലീസ് സർവീസിൽ തുടർന്ന മണിയൻപിള്ള 2021 മെയ് 31 നാണ് സർവീസിൽനിന്ന് ഔദ്യോഗികമായി വിരമിച്ചത്. അതുവരെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മുടങ്ങാതെ ശമ്പളം കിട്ടി.
ഇപ്പോൾ പെൻഷനും. പഠനശേഷം തിരുവനന്തപുരം എസ്‌പി ഓഫീസിൽ ജോലിയിൽ പ്രവേശിച്ച മണിയൻപിള്ളയുടെ മകൾ സ്മൃതി ഇപ്പോൾ ഫിംഗർ പ്രിന്റ് ബ്യൂറോയിൽ ഉദ്യോഗസ്ഥയാണ്. ഇളയമകൾ സ്വാതി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയും.
‘പൊലീസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ച വിവരങ്ങൾക്കനുസരിച്ച് ഉമ്മൻ ചാണ്ടി സാർ ഞങ്ങളുടെ കാര്യങ്ങളെല്ലാം അറിഞ്ഞു ചെയ്തുതന്നു. അദ്ദേഹത്തോടുള്ള കടപ്പാട് എത്ര ജന്മം കഴിഞ്ഞാലും വീട്ടാനാകില്ല. അത്രയും നന്മയുള്ള ആളാണ് അദ്ദേഹം’- സംഗീത നായർ പറഞ്ഞു.
എന്നും പൊലീസുകാരുടെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി. കൂർത്ത തൊപ്പിയും നിക്കറും മാറ്റി പൊലീസിന് ഇന്നു കാണുന്ന രൂപത്തിലുള്ള യൂണിഫോം സമ്മാനിച്ചതും ആഭ്യന്തരമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ്.
1982ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് ഉമ്മൻ ചാണ്ടി പൊലീസ് സേനയ്ക്ക് പരിഷ്‌കൃത യൂണിഫോം നൽകിയത്. 38ാം വയസിലാണ് ആഭ്യന്തര മന്ത്രിയുടെ കസേരയിലിരുന്ന് ചരിത്രമാറ്റത്തിന് ഉമ്മൻ ചാണ്ടി ഉത്തരവിറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.