എറണാകുളം: കെഎസ്ഇബിയുടെ പേരിൽ വ്യാപക തട്ടിപ്പുമായി സംഘം. വൈദ്യുതി ബിൽ അടക്കമുള്ള സേവനങ്ങളുടെ മറവിലൂടെയാണ് പണം കൈക്കലാക്കുന്നത്.
വൈദ്യുതി ബില്ലടക്കാത്തതിനാൽ വിഛേദിക്കുമെന്ന് കാണിച്ചെത്തുന്ന എസ്എംഎസ് വഴിയാണ് തട്ടിപ്പിനുള്ള കളമൊരുങ്ങുന്നത്.
പണമടച്ചവരാണെങ്കിൽ താഴെ കാണുന്ന മൊബൈൽ നമ്പറിൽ വിളിക്കുക എന്ന മെസേജിലാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഈ നമ്പറിലേക്ക് വിളിക്കുന്നവർ സംഘത്തിന്റെ പിടിയിൽ കുടുങ്ങും. വിളിക്കുന്നതിലൂടെ ഫോണിലേക്ക് മറ്റൊരു സന്ദേശമായിരിക്കും വരുന്നത്. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിർദ്ദേശങ്ങൾ പിന്തുടർന്ന് പോകുകയാണെങ്കിൽ പണവും നഷ്ടമാകും.
ഏത് വഴിയിലൂടെ ആണെങ്കിലും മൊബൈലിൽ നിന്നുള്ള ഒടിപി ആവശ്യപ്പെടും. ഇത് നൽകുകയാണെങ്കിൽ പണം കവരാനുള്ള സാധ്യത ഏറെയാണ്. സന്ദേശം അയക്കുന്നതിനു പുറമേ കെഎസ്ഇബി ഉദ്യോഗസ്ഥൻ ചമഞ്ഞും ഫോൺ വിളി എത്തുന്നുണ്ട്.
അയച്ചു നൽകുന്ന ലിങ്കിലൂടെ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്റെ മൊബൈൽ ഫോൺ വിദൂരത്തുനിന്ന് നിയന്ത്രിക്കാൻ തട്ടിപ്പുകാരന് സാധിക്കും. തുടർന്ന് ഒടിപിയിലൂടെ ബാങ്കിലെ വിവരങ്ങൾ ഉൾപ്പെടെ എല്ലാവിവരങ്ങളും തട്ടിയെടുക്കും.
വിവധ ഭാഗങ്ങളിലായി നിരവധി പേർ കബളിപ്പിക്കപ്പെട്ടതിനാലും ഈ സംഘത്തിൽ നിന്നും രക്ഷനേടാൻ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.
ഔദ്യോഗികമായി അയക്കുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശിക തുക, ഇലക്ട്രിക്കൽ സെക്ഷന്റെ പേരും കാണുന്നതാണ്.
ബോർഡിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താവിന്റെ മൊബൈൽ നമ്പറിലേക്ക് മാത്രമാണ് സന്ദേശം എത്തുകയുള്ളൂ. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒടിപി തുടങ്ങിയ വിവരങ്ങൾ കെഎസ്ഇബി ചോദിക്കില്ല.
സംശയം തോന്നിയാൽ പണമടക്കുന്നതിനു മുമ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ നമ്പറായ 1912 ൽ വിളിക്കണം. 9496001912 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചാലും വിവരം ലഭിക്കും.
ബിൽതുക അടയ്‌ക്കുന്നതിന് ഔദ്യേഗിക വെബ്സൈറ്റോ വിശ്വസനീയമായ ബാങ്ക് അക്കൗണ്ടുകളോ ജി-പേ സംവിധാനമോ മാത്രം ഉപയോഗിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.