മലപ്പുറം: സിപിഎം ഏക സിവിൽ കോഡ് സെമിനാറിൽ മുസ്ലിം ലീഗിനെ ക്ഷണിച്ചത് കാപട്യമാണെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ. സിപിഎം ഒരിക്കലും ഒരുകാലഘട്ടത്തിലും സത്യസന്ധമായ സമീപനം എടുത്തിട്ടില്ല. എല്ലാകാര്യത്തിലും കാപട്യവും ദുരുദ്ദേശവും വെച്ചുപുലർത്തുന്ന സംഘടനയാണ് സിപിഎമ്മെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മത, രാഷ്ട്രീയ സംഘടനകളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുന്ന ഡേർട്ടി പൊളിറ്റിക്സാണ് സിപിഎം പയറ്റുന്നത്. എല്ലാ രാഷ്ട്രീയ നീക്കത്തിലും അവരുടെ ഇരട്ടത്താപ്പ് വ്യക്തമാണ്. ജനങ്ങളുമായോ സമൂഹവുമായോ ഒരു ബന്ധവുമില്ലാതെ അവരുടെ നേട്ടം മാത്രം ലക്ഷ്യമാക്കിയാണ് നിലപാടുകൾ സ്വീകരിക്കുന്നത് -അദ്ദേഹം പറഞ്ഞു.
ഏകസിവിൽ കോഡ് വിഷയത്തെ മുസ്ലിം സമുദായത്തെ ബാധിക്കുന്ന പ്രശ്നമായാണ് സിപിഎം കാണുന്നത്. അത് തന്നെയാണ് ബിജെപിക്കും വേണ്ടത്. അതേ മുനയാണ് സിപിഎമ്മും എടുക്കുന്നത്. ഇത് മുസ്ലിങ്ങളുടെ തലയിലിടാനുള്ള ആഗ്രഹം മോദിക്കുമുണ്ട്, കുറച്ച് ഇവിടത്തെ സിപിഎമ്മിനുമുണ്ട്. എന്നാൽ, ലീഗ് കാണുന്നത് ഇത് ഇന്ത്യയെ ബാധിക്കുന്ന പ്രശ്നമായാണ്.
ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്ന് ലീഗ് മുൻകൈയെടുത്ത് കോഴിക്കോട് വിളിച്ചു ചേർത്ത യോഗത്തിൽ വ്യക്തമാക്കിയതാണ്. ഏക സിവിൽ കോഡ് എളുപ്പത്തിൽ നടപ്പാക്കാനാവില്ലെന്ന് മോദിക്കറിയാം. അവരുടെ കൂടെ നിൽക്കുന്നവർക്ക് പോലും ഇത് പ്രശ്നമുണ്ടാക്കും. രാഷ്ട്രീയ ലാഭ അജണ്ടയാണ് മോദിക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം ട്രാപ്പിൽ വീഴുന്ന പാർട്ടിയല്ല ലീഗ്. സിഎഎ വിഷയത്തിൽ സമരം നടത്തിയവർക്കെതിരായ കേസ് പിൻവലിക്കുമെന്ന് പറഞ്ഞ സി.പി.എം ഇതുവരെ വാക്കുപാലിച്ചിട്ടില്ല. ഇതുപോലെ എത്രയെത്ര കാര്യങ്ങളിൽ സിപി.എം ന്യൂനപക്ഷവിരുദ്ധ നിലപാട് സ്വീകരിച്ചതിന് തെളിവുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.