ബഹ്‌റൈനിൻ:ഭക്ഷണവും മരുന്നും നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട മലയാളി യുവതിക്ക് ഒടുവിൽ മോചനം.
ബഹ്‌റൈനിൽ എത്തി ഏജൻസിയുടെ ചതിയിൽപ്പെട്ട് അവരുടെ തടവിൽ കഴിഞ്ഞിരുന്ന ഇടുക്കി വാളറ ഇല്ലിത്തോട് സ്വദേശിനിയെ വിദേശ കാര്യവകുപ്പിന്റെ ഇടപെടലിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെയും സാമൂഹികപ്രവർത്തകരുടെയും സഹായത്തോടെയാണ് മോചിപ്പിച്ചത്.
കഴിഞ്ഞ മാസമാണ് വീട്ടുജോലിക്കായി യുവതി ബഹ്‌റൈനിൽ എത്തിയത്. ഷിഹാബ്, വിഗ്നേഷ് ബാബു എന്നീ മലയാളികളായ ഏജന്റുമാർ ആണ് അവരെ ബഹ്റൈനിലേക്ക് ജോലിക്കായി എത്തിച്ചത്.തുടർന്ന് യുവതിയെ സ്വദേശിയുടെ വീട്ടിൽ ജോലിക്കായി വിടുകയായിരുന്നു. എന്നാൽ ജോലിക്കിടെ രക്ത സമ്മർദ്ദം കൂടുകയും ശരീരമാസകലം നീര് വയ്ക്കുകയും ചെയ്തു.
തുടർന്ന് വീട്ടുകാർ ഏജന്‍റിനെ വിവരമറിയിക്കുകയും അവര്‍ യുവതിയെ കൂട്ടിക്കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാതെ ഭക്ഷണമോ, മരുന്നുകളോ നൽകാതെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിടുകയായിരുന്നു.
നാട്ടിലേയ്ക്ക് തിരികെ അയക്കണമെന്ന് യുവതി കേണപേക്ഷിച്ചെങ്കിലും തിരികെ അയക്കണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടു.
ഈ വിവരം വീട്ടുകാർ ജനപ്രതിനിധികൾ വഴി കേന്ദ്ര സർക്കാരിനെയും വിദേശകാര്യ വകുപ്പിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ എംബസിയുടെയും ഇടപെടലിൽ. പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ കോഓർഡിനേറ്റർ സുധീർ തിരുനിലത്തും എംബസി പ്രതിനിനിധികളും ചേർന്ന് ഏജന്റുമാരിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തി നാട്ടിലേക്കയച്ചു.
ഇന്ത്യൻ എംബസി വളരെ പെട്ടെന്ന് തന്നെ ഇക്കാര്യത്തിൽ ഇടപ്പെട്ടത് കാരണമാണ് യുവതിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന് സുധീർ തിരുനിലത്തും ബേസിൽ നെല്ലിമറ്റവും പറഞ്ഞു.
വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്നവർ നോർക്കയുമായും റജിസ്ട്രേഡ് ഏജൻസികളുമായും ബന്ധപ്പെട്ട് നിയമപരമായി വീസയെടുത്ത് പോകണമെന്നാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും ഉദ്യോഗാർഥികളെ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുന്ന ഏജന്റുമാരുടെ വലയിൽ വീഴാതിരിക്കാനും വേണ്ടുന്ന മുൻ കരുതലുകൾ എല്ലാവരും സ്വീകരിക്കണമെന്നും സാമൂഹിക പ്രവർത്തകർ ഓർമിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.