കൊച്ചി: കേരളത്തില്‍ ഭീകരാക്രമണം നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി തകര്‍ത്ത് എൻഐഎ. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തൃശൂര്‍ സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.
തൃശൂര്‍ വെങ്കിടങ്ങ് കെട്ടുങ്ങലില്‍ മതിലകത്ത് കൊടയില് അഷ്റഫ് എന്ന ആഷിഫ് (36) ആണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഈറോഡ് ഭവാനിസാഗറിന് സമീപം ദൊഡ്ഡംപാളയം ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആഷിഫിനെ ചൊവ്വാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്.പിന്നീട് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തനം വ്യാപിപ്പിക്കാൻ ആഷിഫ് ഉള്‍പ്പെട്ട സംഘം ഗൂഢാലോചന നടത്തിയതായും എൻഐഎ അന്വേഷണത്തില്‍ വ്യക്തമായി.
കഴിഞ്ഞ വര്‍ഷം തൃശൂരില്‍ നടന്ന എടിഎം കവര്‍ച്ചയെ തുടര്‍ന്നാണ് ആഷിഫ് ഉള്‍പ്പെട്ട സംഘത്തെക്കുറിച്ച് നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് എൻഐഎ വൃത്തങ്ങള്‍ അറിയിച്ചു. എടിഎം കവര്‍ച്ച നടത്തിയ പണം ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
എടിഎം കവര്‍ച്ചയ്ക്ക് പുറമേ, ഫണ്ട് ശേഖരണ ആവശ്യങ്ങള്‍ക്കായി നടത്തിയ സമാനമായ മോഷണങ്ങളിലും ആഷിഫ് ഉള്‍പ്പെട്ടിരുന്നു. സംഘവുമായി ബന്ധമുള്ള കൂടുതല്‍ പേരെ കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിവരികയാണ്.
ദക്ഷിണേന്ത്യയിലെ പ്രധാന സ്ഥലങ്ങളില്‍ റിക്രൂട്ട്മെന്റിനും ഭീകരാക്രമണത്തിനും സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
എടിഎം കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ആഷിഫ് കഴിഞ്ഞ ഒമ്ബത് മാസമായി അവിടെ ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. ആഷിഫിന്റെ കൂടെ ദൊഡ്ഡംപാളയത്ത് താമസിച്ചിരുന്ന സുഹൃത്ത് എൻഐഎ കസ്റ്റഡിയിലാണ്, ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ആഷിഫിന്റെ അറസ്റ്റിന് പിന്നാലെ എൻഐഎയും കേരള പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡുമായി (എടിഎസ്) ചേര്‍ന്ന് എൻഐഎ നാല് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.
തൃശ്ശൂരിലെ മൂന്നിടത്തും പാലക്കാട് ജില്ലയില്‍ ഒരിടത്തുമായിരുന്നു റെയ്ഡ്. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഗൂഢാലോചന നടത്തിയതെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയത്.
ആഷിഫിന്റെയും സെയ്ദ് നബീല്‍ അഹമ്മദ്, തൃശ്ശൂരിലെ ഷിയാസ് ടിഎസ്, പാലക്കാട് സ്വദേശി റയീസ് എന്നിവരുടേതുള്‍പ്പെടെ മൂന്ന് പേരുടെയും വീടുകളിലാണ് എൻഐഎയും പൊലീസും ചേര്‍ന്ന് പരിശോധന നടത്തിയത്. ഈ റെയ്ഡുകളില് ഡിജിറ്റല്‍ ഉപകരണങ്ങളും ലഘുരേഖകളും പിടിച്ചെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.