കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമ രാജ് മോഹനനെ ആക്രമിച്ച സിഐടിയു നേതാവിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്.
പൊലീസ് സംരക്ഷണത്തിലുള്ള ഉത്തരവ് നിലനിൽക്കെയാണ് ബസുടമ ആക്രമിക്കപ്പെട്ടത്.ജില്ലാ മോട്ടോർ മെക്കാനിക്ക് വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതാവ് കെആർ അജയിക്കാണു കോടതി നിർദ്ദേശം. സ്വമേധയാ കക്ഷി ചേർത്താണ് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എൻ നഗരേഷ് നിർദ്ദേശം നൽകിയത്.
പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമയെ അജയ് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയാണ് സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഓഗസ്റ്റ് രണ്ടിനു വിഷയം കോടതി വീണ്ടും പരിഗണിക്കും.
പൊലീസിനുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിച്ച ഡിവൈഎസ്പിയും കുമരകം എസ്എച്ച്ഒയും ബുധനാഴ്ച കോടതിയിൽ ഹാജരായിരുന്നു. ഇവർ ഇനി ഹാജാരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം പൂർത്തിയായെന്നും അന്തിമ റിപ്പോർട്ട് ഉടൻ കോടതിയിൽ നൽകുമെന്നും സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ടിബി ഹൂദ് വിശദീകരിച്ചു.
പൊലീസ് വീഴ്ചയെക്കുറിച്ചുള്ള അന്വേഷണം എന്തായി എന്ന് കോടതി ആരാഞ്ഞു. ഇൻസ്പെക്ടർ അടക്കമുള്ള പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെന്നും അപ്രതീക്ഷിത ആക്രമണമാണ് ഉണ്ടായതെന്നും സർക്കാർ വിശദീകരിച്ചു. തുടർന്നാണ് കോടതി സിഐടിയു നേതാവിനെ കക്ഷി ചേർത്ത് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
ബസുടമയുടെ നാല് ബസുകൾക്കും തടസമില്ലാതെ സർവീസ് നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്നായിരുന്നു സംഗിൾ ബെഞ്ച് ജൂൺ 23നു ഉത്തരവിട്ടത്.
പിന്നാലെയാണ് ബസുടമയെ സിഐടിയു നേതാവ് അടിച്ചത്. പിന്നാലെ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവരെ വിളിച്ചുവരുത്തിയ കോടതി ബസുടമയ്ക്കല്ല കോടതിക്കാണ് അടി കൊണ്ടത് എന്ന് വാക്കാൽ അഭിപ്രായപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.