മലപ്പുറം: സിപിഎം നടത്തുന്ന ഏക സിവിൽ കോഡ് സെമിനാറിൽ ലീഗ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. സിപിഎമ്മിന്റെ ക്ഷണം തള്ളാൻ ഇന്ന് പാണക്കാട് ചേരുന്ന യോഗം തീരുമാനിക്കും.
സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീഗിൽ വിവിധ നേതാക്കൾക്ക് ഭിന്നാഭിപ്രായങ്ങളാണുണ്ടായിരുന്നത്. മുസ്ലിം ലീഗിനെ ചേർത്തുപിടിക്കാനുള്ള സിപിഎം തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.രാവിലെ 9.30 തിന് പാണക്കാടാണ് യോഗം. സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്തയുടെ തീരുമാനവും ലീഗിനെ സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതും യോഗം ചർച്ച ചെയ്യും.
സിവിൽ കോഡിനെതിരെ സ്വീകരിക്കേണ്ട രാഷ്ട്രീയ നിയമ തുടർ നടപടികളും യോഗത്തിൽ ചർച്ചയാകും. സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഇന്നല പറഞ്ഞിരുന്നു.
ഏക സിവിൽ കോഡിൽ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. കേരളത്തിൽ ഈ വിഷയത്തിൽ ആര് നല്ല പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം നിൽക്കും.
ഏത് രാഷ്ട്രീയ പാർട്ടികൾക്കൊപ്പവും നിൽക്കും. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു. മതത്തിൻ്റെ അടിസ്ഥാനത്തിൽ അല്ല, പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനിൽക്കുന്നത്.
ഈ ലക്ഷ്യം വച്ച് പുലർത്തുന്ന ആരുമായും സഹകരിക്കുമെന്നാണ് സമസ്തയുടെ നിലപാട്. രാജ്യത്തിൻ്റെ നന്മകൾക്ക് എതിരായ ചരിത്രം മുസ്ലിം സമുദായത്തിനില്ല. വികാരപരമായ എടുത്ത് ചാട്ടമല്ല വേണ്ടത്.
ഓരോ മതസ്ഥർക്കും അവരുടെ ആചാരപ്രകാരം ജീവിക്കാൻ ഭരണ ഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. മതം അനുശാസിക്കുന്ന മത നിയമങ്ങൾ പാലിക്കപ്പെടണമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.