എറണാകുളം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു.
ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്.
എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞതായാണ് വിവരം.വിലാപയാത്രക്കിടെയാണ് നടൻ വിനായകൻ സമൂഹ മാധ്യമങ്ങളിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.
പ്രകോപനപരമായി സംസാരിക്കൽ , മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനൽ നെടിയതറ പൊലീസ് സ്റ്റേഷന് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു.
എന്നാൽ വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വിനായകന്റെ കലൂരിലെ ഫ്ലാറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. പ്രവർത്തകർ ഫ്ലാറ്റ് ആക്രമിച്ചെന്നും ജനൽ ചില്ലുകൾ പൊട്ടിച്ചുവെന്നും കാണിച്ച് വിനായകനും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. വിനായകനെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ സംഘടനകളിലും ആലോചന നടക്കുന്നുണ്ട്. താരസംഘടനയായ അമ്മയിൽ വിനായകൻ അംഗമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.