കണ്ണൂർ:യുഡിഎഫിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ച സി.പി.എം. ഏകപക്ഷീയ നിലപാടുമൂലം എൽ.ഡി.എഫിലും,ഏക സിവിൽകോഡ് വിഷയത്തെ വർഗീയവത്കരിക്കാൻ ശ്രമിച്ചതിന് കേരളീയ പൊതുസമൂഹത്തിലും ഒറ്റപ്പെട്ടെന്ന് സുധാകരൻ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
മുന്നണിയിലെ രണ്ടാമത്തെ പ്രധാന പാർട്ടിയെപ്പോലും ബോധ്യപ്പെടുത്താനാകാത്ത സി.പി.എം. ഏക സിവിൽകോഡ് വിഷയത്തിൽ ഒന്നിനു പിറകേ ഒന്നായി തിരിച്ചടികൾ നേരിടുന്നു. പ്രമുഖരായ നിരവധി വ്യക്തികളും സാമൂഹിക സംഘടനകളും സി.പി.എം. സെമിനാറിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
മുസ്ലീംലീഗിനെ പിടിക്കാൻ പോയവർക്ക് ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല, കക്ഷത്തിലിരുന്നതു പോകുകയും ചെയ്തു. ഐക്യജനാധിപത്യമുന്നണിയിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ച സി.പി.എം., ഇടതുമുന്നണിയെ പൊട്ടിത്തറിയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത് - സുധാകരൻ ആരോപിച്ചു.
സി.പി.ഐയുടെ പ്രമുഖ നേതാക്കൾ സെമിനാറിൽ പങ്കെടുക്കില്ലെന്നു തീരുമാനിച്ചത് സി.പി.എമ്മിന്റെ മുഖത്തേറ്റ അടിയാണ്. സി.പി.ഐയെ മൂലയ്ക്കിരുത്തിയുള്ള സി.പി.എമ്മിന്റെ ഏകപക്ഷീയമായ പോക്കുമൂലം മുന്നണി തന്നെ ശിഥിലമാകുന്നു. എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ മുന്നണി യോഗത്തിൽ പങ്കെടുക്കാതെ അതിന് ആക്കംകൂട്ടുന്നു.
മൂന്ന് മാസത്തിലധികമായി ഇടതുമുന്നണി യോഗം ചേർന്നിട്ട്. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതു മുതൽ ഇടഞ്ഞുനിൽക്കുന്ന ജയരാജനെ റിസോർട്ട് വിഷയത്തിൽ പാർട്ടി കൈവിട്ടതും അദ്ദേഹത്തെ ചൊടിപ്പിച്ചു.
കാർഷികോത്പന്നങ്ങളുടെ മൂല്യവർധനയും വിപണനവും ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കമ്പനിയെ മന്ത്രിസഭായോഗത്തിൽ വച്ച് മുഖ്യമന്ത്രി വെട്ടിയത് സി.പി.ഐയുടെ കൃഷിമന്ത്രി പി പ്രസാദിന് കനത്ത തിരിച്ചടിയായി. കടക്കെണിയിലാകുന്ന കർഷകർക്ക് ഒരു തവണമാത്രം കടാശ്വാസം നല്കിയാൽ മതിയെന്ന സർക്കാർ തീരുമാനവും സി.പി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇ.എം.എസിനെയും ഇ.കെ. നായനാരെയും പോലുള്ള പ്രമുഖ നേതാക്കളെ തള്ളിക്കളയുന്ന അഭിനവ നേതൃത്വത്തിന്റെ പിടിപ്പുകേടിൽ പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുണ്ട്. രാഷ്ട്രീയലക്ഷ്യം മാത്രം മുന്നിൽ നിർത്തി കേരളീയ സമൂഹത്തെ വർഗീയവത്കരിക്കുന്ന സി.പി.എം. നിലപാടുകളിൽ പാർട്ടിക്കകത്ത് അതൃപ്തിയുള്ളവരും ഏറെയാണ്.
കലാപക്കൊടി ഉയർത്തിയ എം.വി. രാഘവന്റെ ബദൽ രേഖയിൽ 25 വർഷത്തിനുശേഷം സി.പി.എം. തിരിച്ചെത്തിയപ്പോൾ, അദ്ദേഹത്തെ പുറത്താക്കിയതും കൊല്ലാൻ ശ്രമിച്ചതുമൊക്കെ ഇനി സി.പി.എമ്മിന് എങ്ങനെ ന്യായികരിക്കാനാകും- സുധാകരൻ ചോദിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.