ചെന്നൈ: പേശികളെ തളര്‍ത്തുന്ന മാരക ജനിതകരോഗമായ ഡുഷേൻ മസ്കുലര്‍ ഡിസ്ട്രോഫി (ഡി.എം.ഡി.)യെ സവിശേഷ ഭക്ഷ്യവസ്തുക്കള്‍ വഴി ചെറുക്കുന്നതിനുള്ള വിദ്യയുമായി തമിഴ്നാട്ടിലെയും ജപ്പാനിലെയും ഗവേഷകര്‍ രംഗത്ത്.
ഒരിനം യീസ്റ്റില്‍നിന്ന് വിഘടിപ്പിച്ചെടുക്കുന്ന ന്യൂ റെഫിക്സ് എന്ന പദാര്‍ഥം ഭക്ഷണത്തിനൊപ്പം കഴിക്കുന്നതുവഴി അസുഖം മൂര്‍ച്ഛിക്കുന്നത് തടയാനാവുമെന്നാണ് കണ്ടെത്തല്‍.
ഡി.എം.ഡി.ക്ക് നിലവിലുള്ള ചികിത്സയെക്കാള്‍ വളരെ ചെലവുകുറഞ്ഞതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഇതെന്ന് ഗവേഷകര്‍ തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.
കഴിഞ്ഞദിവസം മലപ്പുറം മുണ്ടുപറമ്പില്‍ അച്ഛനും അമ്മയും രണ്ടുമക്കളും ഉള്‍പ്പെടെ നാലുപേര്‍ ജീവനൊടുക്കിയത് ഈ രോഗത്തെക്കുറിച്ചുള്ള ആശങ്ക കാരണമാണെന്നാണ് കരുതുന്നത്.
പേശികളെ ഗുരുതരമായി ബാധിച്ച് ആണ്‍കുട്ടികളെ വൈകല്യത്തിലേക്കും അകാലമരണത്തിലേക്കും നയിക്കുന്ന രോഗമാണ് ഡി.എം.ഡി. പേശിയിലെ കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുന്ന ഡിസ്ട്രോഫിൻ എന്ന പ്രോട്ടീൻ ഇല്ലാതെ വരുന്നതാണ് രോഗകാരണം.
പേശികളുടെ ബലക്ഷയത്തില്‍ തുടങ്ങി രോഗം മൂര്‍ച്ഛിക്കുന്നതോടെ പൂര്‍ണമായും തളരുന്ന അവസ്ഥയിലേക്കും മരണത്തിലേക്കും നീങ്ങും.
ന്യൂ റെഫിക്സ് കഴിക്കുന്ന രോഗികളില്‍ ഡിസ്ട്രോഫിന്റെ അളവുവര്ധിക്കുകയും അതുവഴി പേശികള്‍ ബലപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
മധുര ജയ്കെയര്‍ ആശുപത്രിയിലെ ഡോ. കെ. രാഘവൻ, ജപ്പാനിലെ മിയാസാക്കിയില്നിന്നുള്ള ഖ്യുംഷു ആരോഗ്യ സര്‍വകലാശാലയിലെ പ്രൊഫ. നോബുവാനോ ഇക്കെവാക്കി, ജപ്പാനിലെ യാമനാഷി സ്കൂള്‍ ഓഫ് മെഡിസിനിലെ ഡോ. സാമുവല്‍ ജെ.കെ. അബ്രഹാം, ചെന്നൈ എം.ജി.ആര് ആരോഗ്യ സര്‍വകലാശാലയിലെ പ്രൊഫ. പുഷ്കല സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.
ഇതിന്റെ ഫലം ഇന്റര്‍നാഷണല്‍ ബ്രെയിൻ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ന്യൂറോ സയൻസ് റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീൻ തെറാപ്പിയും എക്സോണ്‍ സ്കിപ്പിങ് തെറാപ്പിയുമാണ് നിലവില്‍ ഡി.എം.ഡി ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. രണ്ടും കോടികള്‍ ചെലവുവരുന്ന രീതികളാണ്.
എന്നാല്‍, ന്യൂ റെഫിക്സ് ചികിത്സയ്ക്ക് ചെറിയ ചെലവേ വരൂവെന്ന് ഡോ. സാമുവല്‍ അബ്രഹാം പറഞ്ഞു.
പ്രധാനമായും ആണ്‍കുട്ടികളെയാണ് ഡി.എം.ഡി. ബാധിക്കുന്നത്. ഇന്ത്യയില്‍ അഞ്ചുലക്ഷത്തിലേറെപ്പേര്‍ രോഗബാധിതരാണെന്നാണ് കണക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.