ആലപ്പുഴ : യുവതിയുടെ കഴുത്തു ഞെരിച്ച് നാലര പവൻ സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. പൊലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതിയുടെ രേഖാചിത്രം തയാറാക്കും.
തിരുവമ്പാടി ചെള്ളാട്ട് ലെയ്നിൽ വാടകയ്ക്കു താമസിക്കുന്ന സിന്ധുവിനു (45) നേരെയാണു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. പ്ലാസ്റ്റിക് കയർ പോലുള്ള വസ്തു കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി മോഷണം നടത്തുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നു കരുതുന്നു.
'സംഭവത്തെക്കുറിച്ച് സിന്ധു പറഞ്ഞത്" ബുധനാഴ്ച രാവിലെ ഭർത്താവ് മനോജ് ഗോവിന്ദ പൈ മുല്ലയ്ക്കലെ കടയിൽ ജോലിക്കും ഇളയ മകൾ ശ്രേയ സ്കൂളിലും പോയി.ബിടെക് പഠനം കഴിഞ്ഞ മൂത്ത മകൾ സ്നേഹയും ഞാനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.വാടകവീടിന്റെ താഴത്തെ നിലയിലാണ് 4 വർഷമായി താമസം. മുകളിലത്തെ നില വാടകയ്ക്കു ചോദിച്ചു വരുന്നവരെ തുറന്നു കാണിക്കാൻ ഉടമ താക്കോൽ ഏൽപിച്ചിരുന്നു.
രാവിലെ പത്തരയോടെ ഒരാൾ വീട് കാണാനെത്തി. മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി മുറികൾ കാണിച്ച് താഴെ ഇറങ്ങുമ്പോൾ അടുക്കള വാതിൽ അടച്ചില്ലെന്ന് അയാൾ പറഞ്ഞു.
ഞാൻ തിരിച്ചു നടന്നു വാതിൽ നേരത്തെ തന്നെ അടച്ചതാണെന്ന് ഉറപ്പാക്കി തിരിഞ്ഞപ്പോൾ അയാൾ എന്റെ കഴുത്തിൽ കയറോ പ്ലാസ്റ്റിക്കോ പോലുള്ള വസ്തു ഉപയോഗിച്ച് ചുറ്റി മുറുക്കി.അയാളെ തള്ളിമാറ്റാനും മകളെ വിളിക്കാനും ശ്രമിച്ചെങ്കിലും ബോധം നഷ്ടപ്പെട്ടു.
ഞാൻ മരിച്ചെന്നു കരുതി അയാൾ മാല പൊട്ടിച്ചെടുത്തു കടന്നു.
പിന്നീടുള്ള കാര്യങ്ങളെക്കുറിച്ച് മകൾ സ്നേഹ പറഞ്ഞത്: അമ്മയെ താഴേക്കു കാണാഞ്ഞപ്പോൾ തിരക്കിച്ചെന്നു. കഴുത്തിലും മറ്റും രക്തം ഒഴുകിയിരിക്കുന്നതു കണ്ടു പകച്ചുപോയി.
ഉടൻ അച്ഛനെ വിളിച്ചുവരുത്തി. പൊലീസിനെയും അറിയിച്ചു. അച്ഛൻ വന്ന ശേഷം ഞങ്ങൾ ഇരുവരും ചേർന്നു അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി.മോഷ്ടാക്കളെ പിടികൂടാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൈതവന സമത റസിഡന്റ്സ് അസോസിയേഷൻ സൗത്ത് പൊലീസിൽ പരാതി നൽകി.
മുൻപ് എംഒ വാർഡിലെ മെറീന ഇടവഴിയിൽ ആൾത്താമസമില്ലാത്ത വീടിന്റെ മതിൽ ചാടിക്കടന്നു 2 സ്ത്രീകൾ പട്ടാപ്പകൽ സാധനങ്ങൾ കടത്തിക്കൊണ്ടുപോയിരുന്നു. ഇവരിൽ ഒരു സ്ത്രീയെ രാത്രി ഒരു മണിയോടെ നാട്ടുകാർ കണ്ടു. പൊലീസ് എത്തുമെന്നറിഞ്ഞ് അവർ ഓടിപ്പോയി.
പവർ ഹൗസ് വാർഡ് ജോർജ് പീറ്റർ ഇടവഴിയിൽ ഒരു വീട്ടിൽ കഴിഞ്ഞ രാത്രി മോഷണ ശ്രമം നടന്നു.സിന്ധുവിന്റെയും മകളുടെയും മൊഴി പ്രകാരം മോഷണത്തിനു സൗത്ത് പൊലീസ് ഇന്നലെ കേസെടുത്തു. ഡിവൈഎസ്പി: എൻ.ആർ.ജയരാജും സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.അരുണും വിരലടയാള വിദഗ്ധരും വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സൗത്ത് എസ്ഐ: വി.ഡി.റെജി രാജിനാണ് അന്വേഷണച്ചുമതല.നീല ഷർട്ടും പാന്റ്സും ധരിച്ചയാൾ ചെള്ളാട്ട് ലെയ്നിലൂടെ സ്കൂട്ടറിൽ രാവിലെ 10.25നു പോകുന്നത് മറ്റൊരു വീട്ടിലെ സിസിടിവി ക്യാമറയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആളെ വ്യക്തമല്ല.
നീല ഷർട്ടും കടുംനീല പാന്റസും ധരിച്ച് മലയാളം സംസാരിക്കുന്ന, ഇരുണ്ട നിറവും കട്ടി മീശയുമുള്ള 45 വയസ്സു തോന്നിക്കുന്ന അക്രമിയെ കണ്ടാൽ തിരിച്ചറിയുമെന്ന് സിന്ധു പൊലീസിനോട് പറഞ്ഞു.വാടക വീട്ടിലും സമീപത്തെ ഉടമയുടെ വീട്ടിലും അയൽ വീടുകളിലും സിസിടിവി ഇല്ല. വീട് വാടകയ്ക്ക് എന്നെഴുതിയ ബോർഡ് കണ്ടും ഉടമയും കുടുംബാംഗങ്ങളും സ്ഥലത്തില്ലെന്ന് ഉറപ്പാക്കിയുമാണ് മോഷ്ടാവ് എത്തിയതെന്നാണു പൊലീസ് നിഗമനം.
തിരുവമ്പാടി, പഴവീട്, ചന്ദനക്കാവ് ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിക്കും. അതിന്റെയെല്ലാം അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം ഇന്നോ നാളെയോ തയാറാക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.