പാരിസില്‍ കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതിലുള്ള പ്രതിഷേധം കനക്കുന്നു. രാജ്യത്തെ വലിയ പരിപാടികളെല്ലാം റദ്ദാക്കുകയും, പലയിടത്തും രാത്രികളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാര്‍ സോഷ്യല്‍ മീഡിയ വഴി കലാപാഹ്വാനം നടത്തുന്നുവെന്നാരോപിച്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, അവയ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ പ്രതിഷേധത്തിനെ പറ്റിയുള്ള തെറ്റായ വാര്‍ത്തകളും ചിലര്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇസ്ലാം മതത്തിനെതിരായ പ്രചരണമായും ചിലര്‍ ഇതിനെ ഉപയോഗിക്കുന്നു.
ജൂണ്‍ 27-നാണ് ഗതാഗത പരിശോധനയ്ക്കിടെ പാരിസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ Nanterre-ല്‍ വച്ച് നാഹേല്‍ മെര്‍സൂഖ് എന്ന് പേരായ 17-കാരനെ പൊലീസ് വെടിവച്ച് കൊന്നത്. കാര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല എന്ന് ആരോപിച്ചായിരുന്നു ഇത്.
കുടിയേറ്റക്കാരുടെ മകനായ നാഹേലിനെ വെടിവച്ചത് പൊലീസ് കുടിയേറ്റക്കാരോട് തുടര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ ഭാഗമായാണ് എന്നാരോപിച്ചാണ് പ്രതിഷേധങ്ങളാരംഭിച്ചത്. പ്രതിഷേധം അക്രമത്തിലേയ്ക്ക് കടന്നതോടെ പൊലീസ് രംഗത്തിറങ്ങി. ഇതോടെ പാരിസ് വലിയ സംഘര്‍ഷത്തിലേയ്ക്ക് നീങ്ങുകയാണുണ്ടായത്.
പ്രോസിക്യൂട്ടറുടെ അന്വേഷണത്തില്‍ നാഹേലിനെ വെടിവയ്ക്കാന്‍ മതിയായ കാരണമുണ്ടായിരുന്നില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് മനപ്പൂര്‍വ്വമുള്ള നരഹത്യയായി കണക്കാക്കി ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് ബാക്കി നടപടികള്‍ തീരുമാനിക്കുക.
അതേസമയം ഫ്രാന്‍സ് പൊലീസ് കുടിയേറ്റക്കാരോട് നടത്തുന്ന സമീപനം മുന്‍വിധിയോടെയുള്ളതും, അധിക്ഷേപകരവുമാണെന്ന് നേരത്തെ പലവട്ടം പരാതികളുയര്‍ന്നിരുന്നു. കുടിയേറ്റക്കാരെ തടഞ്ഞുനിര്‍ത്തി തിരിച്ചറിയല്‍ രേഖ പരിശോധിക്കുക, അസഭ്യം പറയുക എന്നിവയെല്ലാം പൊലീസ് ചെയ്യാറുണ്ടെന്നാണ് പരാതി. കറുത്ത വര്‍ഗ്ഗക്കാര്‍, അറബ് സമൂഹം എന്നിവരാണ് മിക്കപ്പോഴും ഇതിന് ഇരകളാകുന്നത്. ഇതെത്തുടര്‍ന്ന് കാലങ്ങളായി കുടിയേറ്റക്കാരും, പൊലീസുകാരും തമ്മില്‍ രാജ്യത്ത് സംഘര്‍ഷം നിലനില്ക്കുന്നു.
2007-ല്‍ പൊലീസ് ഓടിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി നിലയത്തില്‍ കയറിയ രണ്ട് കൗമാരക്കാര്‍ ഷോക്കേറ്റ് മരിച്ചത് രാജ്യവ്യാപകമായുള്ള പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരികയും ചെയ്തു.
ഇപ്പോഴുള്ള പ്രതിഷേധം കലാപത്തിലേയ്ക്ക് വഴിമാറുന്നതായാണ് കാണുന്നത്. അഞ്ച് രാത്രികളോളം തുടര്‍ച്ചയായ അക്രമങ്ങളാണ് പാരിസില്‍ ഉണ്ടായത്. പാരിസിന് പുറത്തും ഫ്രാന്‍സിലെ മിക്ക പ്രദേശങ്ങളിലും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. പ്രതിഷേധം നടത്തിയ 3000-ലേറെ പേരെയാണ് കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ പല സ്ഥാപനങ്ങളും കൊള്ളയടിച്ച അക്രമികള്‍ കെട്ടിടങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും തീയിടുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയം പറയുന്നു. തുടര്‍ന്ന് ഫ്രാന്‍സിലെങ്ങുമായി 40,000 പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.