ചേർപ്പുങ്കൽ സമാന്തര പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനു വേണ്ടി ചേർപ്പുങ്കൽ പാലത്തിലൂടെയുള്ള വാഹന ഗതാഗതം നാളെ (ജൂൺ 10 ശനിയാഴ്ച) പൂർണ്ണമായും നിരോധിക്കുന്നതിന് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ , മാണി സി കാപ്പൻ എംഎൽഎ എന്നിവർ അറിയിച്ചു.
ചേർപ്പുങ്കൽ സമാന്തര പാലം നിർമ്മാണത്തിന്റെ ഭാഗമായി വിവിധ ഷട്ടറുകൾ ക്രമീകരിച്ച് സ്ഥാപിക്കുന്നതിന് പുതിയ പാലത്തിന്റെ നിർമ്മാണത്തിന് ഇടയ്ക്ക് സ്ഥലം ലഭ്യമല്ലാത്തതുകൊണ്ട് ഈ ജോലി ചെയ്യാൻ കഴിയാതെ വന്നിരിക്കുകയാണ്.
മീനച്ചിലാറ്റിൽ നിന്ന് വളരെ ഉയരത്തിലും നിർമിക്കുന്ന പാലമായ തുകൊണ്ട് ശ്രമകരമായ ജോലികൾ മനുഷ്യ നിർമ്മിതമായി നിർവഹിക്കുവാൻ കഴിയാത്ത അവസ്ഥയുണ്ട്. അപകടരഹിതമായി ഇക്കാര്യം നിർവഹിക്കുന്നതിന് പഴയ പാലത്തിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് ഷട്ടറുകൾ സ്ഥാപിക്കുന്ന ജോലി ക്രമീകരിക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചത്.
എംഎൽഎമാരായ അഡ്വ. മോൻസ് ജോസഫ് , മാണി സി കാപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം ഇന്ന് രാവിലെ സ്ഥലം സന്ദർശിച്ച് നിർമ്മാണ സാഹചര്യങ്ങൾ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്.
ചേർപ്പുങ്കൽ പാലം നിർമ്മാണം പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ ഇക്കാര്യങ്ങൾ ആവശ്യമാണെന്ന് എംഎൽഎമാർ വ്യക്തമാക്കി.
ചേർപ്പുങ്കൽ പള്ളി അധികൃതർ, മാർ സ്ലീവാ മെഡിസിറ്റി, സ്കൂൾ -കോളേജ് അധികൃതർ ,വ്യാപാരി വ്യവസായികൾ എന്നുവരൊടൊക്കെ ഇപ്പോഴത്തെ അനിവാര്യത ശ്രദ്ധയിൽപ്പെടുത്തിയതായി എംഎൽഎമാർ വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ 10ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെയുള്ള സമയത്ത് ഇപ്പോഴത്തെ ചേർപ്പുങ്കൽ പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഒരു ദിവസത്തേക്ക് പൂർണ്ണമായും നിരോധിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.സമീപ റോഡുകൾ പൊതു ജനങ്ങൾ ഒരു ദിവസം ഉപയോഗിക്കുന്നതിന് സഹകരിക്കണമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഭ്യർത്ഥിച്ചു.
ബ്രിഡ്ജസ് വിഭാഗം കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.ടി ഷാബു, അസിസ്റ്റന്റ് എൻജിനീയർ ഹനീസ് മുഹമ്മദ് തുടങ്ങിയവരാണ് പൊതുമരാമത്ത് വകുപ്പിനെ പ്രതിനിധീകരിച്ച് ചർച്ചയിലും സന്ദർശനത്തിനും നേതൃത്വം നൽകിയത്. ചേർപ്പുങ്കൽ സമാന്തര പാലം നിർമ്മാണം ത്വരിതഗതിയിൽ പുരോഗമിച്ചതായി ഇത് സംബന്ധിച്ച് ചേർന്ന യോഗം വിലയിരുത്തി.
കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസ് മാളിയേക്കൽ, മണ്ഡലം സെക്രട്ടറി ദീപു തേക്കുംകാട്ടിൽ, ബ്ലോക്ക് മെമ്പർ ജോസി പൊയ്കയിൽ, സാബു ഒഴുങ്ങാലി ,യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറ് സുനിൽ ഇല്ലിമൂട്ടിൽ, രാജേഷ് തിരുമല ,ജോബി ചിറത്തറ, ആൻ്റണി വളർകോട്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ബേബി മുളവേലിപുറം, നേതാക്കളായ സതിശൻ, ജോസ് കൊല്ലറാത്ത് വ്യാപാരി വ്യവസായ പ്രതിനിധികൾ തുടങ്ങിയവരും എം എൽ എ മാർക്കൊപ്പം ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.