കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തിൽ മരണപ്പെട്ട നിഹാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ സർക്കാർ തീരുമാനം. കഴിഞ്ഞ 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്.
ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ്, സംസാരശേഷിയില്ലാത്ത നിഹാലിനെ ഒരു കൂട്ടം തെരുവ് നായ്ക്കൾ ആക്രമിച്ചത്. വീട്ടിൽ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിരുന്നു.
ഓട്ടിസം ബാധിച്ച നിഹാലിനെ സംഭവദിവസം വൈകുന്നേരം അഞ്ചു മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
അരക്ക് താഴെയുണ്ടായിരുന്ന മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാർന്നാണ് മരണമെന്നാണ് പ്രഥമിക നിഗമനം. സംസാര ശേഷിയില്ലാത്തതിനാൽ നായ ആക്രമിച്ചപ്പോൾ കുട്ടിക്ക് നിലവിളിക്കാനും കഴിഞ്ഞില്ല.
മുഴപ്പിലങ്ങാട് കേട്ടിനകം മേഖലയിൽ ഭീതിയോടെയാണ് കഴിയുന്നതെന്നായിരുന്നു നാട്ടുകാരുടെ വെളിപ്പെടുത്തൽ. നായ കടിക്കാൻ വന്നാൽ പ്രതിരോധിക്കാനായി വടികളുമായാണ് ആളുകൾ പുറത്തിറങ്ങുന്നത്. കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥലത്താകെ ഉയർന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനാരംഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.