ബെംഗളൂരു: കന്നഡ നടൻ സൂരജ് കുമാറിന് ബൈക്കപകടത്തിൽ ഗുരുതര പരിക്ക്. പരിക്കുപറ്റിയ ഉടൻ മൈസൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ വലതുകാൽ മുറിച്ചുമാറ്റിയെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധ്രുവൻ എന്നുകൂടി അറിയപ്പെടുന്ന താരമാണ് സൂരജ്.
ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. മൈസൂരിൽ നിന്ന് ഊട്ടിയിലേക്ക് ബൈക്കിൽ പോവുകയായിരുന്നു സൂരജ്. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തിന്റെ കാൽമുട്ടിന് താഴെ വെച്ചാണ് മുറിച്ചുമാറ്റിയിരിക്കുന്നത്.
കന്നഡ സിനിമാ ലോകത്തെ സൂപ്പർ താരമായിരുന്ന ഡോ. രാജ് കുമാറിന്റെ ഭാര്യ പർവതമ്മയുടെ അനന്തരവനാണ് സൂരജ്. കന്നഡ നിർമാതാവ് എസ് എ ശ്രീനിവാസ് ആണ് സൂരജിന്റെ പിതാവ്. കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാറും ഭാര്യയും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു.
അനൂപ് അന്തോണി സംവിധാനം ചെയ്യുന്ന ഭഗവാൻ ശ്രീകൃഷ്ണ പരമാത്മ എന്ന ചിത്രത്തിലൂടെയാണ് സൂരജ് കുമാർ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത്. കന്നഡ താരം ദർശൻ ചിത്രം ലോഞ്ച് ചെയ്തെങ്കിലും പിന്നീട് ചില കാരണങ്ങളാൽ ചിത്രം മാറ്റിവയ്ക്കുകയായിരുന്നു. രഥം എന്ന പേരിൽ മറ്റൊരു സിനിമയുടെ തിരക്കിലായിരുന്നു താരം. പ്രിയ പ്രകാശ് വാര്യർ നായികയാവുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ഒരു പ്രോജക്റ്റിലും സൂരജ് ഒപ്പുവച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.