ഇടുക്കി ; തൊടുപുഴ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന തൊടുപുഴ കമെർഷ്യൽ കമ്പയിൻസ് എന്ന സ്ഥാപനം 1965 ൽ നിലമ്പൂർ കോവിലകം റോഡിൽ ഒരു ശാഖ തുടങ്ങുന്നതോടെ ചരിത്രം ആരംഭിക്കുന്നു.
തുടർന്ന്, പിന്തുടർച്ചയായി, 1970 കളിൽ തൊടുപുഴയിലെ തുറയ്ക്കൽ കുടുബാംഗങ്ങളായ സഹോദരങ്ങൾ ജോർജും ജോസും അമരത്വം ഏറ്റെടുക്കുന്നു.അപ്പോൾ മുതൽ ഒരു നിശബ്ദ സ്നേഹ വിപ്ലവത്തിന്ന് കോവിലകം റോഡ് സാക്ഷ്യം വഹിക്കാൻ തുടങ്ങി.നിലമ്പൂരിനെയും നിലമ്പൂരുകാരെയും ഈ സഹോദരങ്ങൾ സ്നേഹിക്കാനും സ്നേഹവായ്പുകൾ പങ്കുവെയ്ക്കാനും തുടങ്ങി. ആ സ്നേഹത്തിന് വഴിപ്പെട്ട് കച്ചവടത്തിന്നതീതമായി ധാരാളം കൂട്ടുകാർ ഇവർക്ക് ഉണ്ടായി.
നിലമ്പൂർ പാട്ട് ഉത്സവം നടക്കുമ്പോൾ, കടയ്ക്ക് മുമ്പിൽ കെട്ടി പൊക്കുന്ന ഹലുവ സ്റ്റാളുകൾ ഉള്ള സമയത്ത് മാത്രമാണ് കടയിൽ കച്ചവടം നിലച്ചിട്ടുളളത്. അപ്പോഴും സഹോദരങ്ങൾ കട തുറന്ന് അവിടെ ഇരിക്കാറുണ്ടായിരുന്നത് നാട്ടുകാരെ കാണാൻ വേണ്ടി മാത്രമായിരുന്നു.
മറ്റു ദിവസങ്ങളിൽ ലോറികൾ നിർത്തി റബ്ബർ ഷീറ്റ് ഇറക്കുകയും കയറ്റുകയും ചെയ്തിരുന്നത് ഒരു പതിവ് കാഴ്ചയായിരുന്നു. 1965 മുതൽ നില നിൽക്കുന്ന ഈ കെട്ടിടം ഇന്നും അതിന്റെ തനിമ നിലനിർത്തി പുരാവസ്തുവായി തല ഉയർത്തി നിൽക്കുന്നു. 1, 2, 3 എന്ന ക്രമത്തിൽ എഴുതിയിട്ടുള്ള നിരപ്പലക ഉപയോഗിച്ച് കട അടയ്ക്കുന്ന സംവിധാനം നിലമ്പൂരിൽ ഇപ്പോൾ ഇവിടെ മാത്രമെ കാണാൻ സാധിയ്ക്കൂ. കടയിൽ ധാരാളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു.
സ്വതവെ കറുപ്പു നിറമുള്ള കയറ്റിയിറക്കു തൊഴിലാളികൾ, ജോലി സമയത്ത് സുന്ദരന്മാർ ആയാണ് കാണപ്പെട്ടിരുന്നത്. (വെളുപ്പ് സൗന്ദര്യത്തിന്റെ ലക്ഷണമാണ് എന്ന തെറ്റിദ്ധാരണ ഉളളതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ക്ഷമിക്കണം).മാജിക്കിന്റെ നാട്ടിൽ ജോലി ചെയ്യുന്നതു കൊണ്ടാണൊ ഇങ്ങനെ എന്ന് ഞാൻ സംശയിച്ചിരുന്നു.പിന്നീടാണ് മനസ്സിലായത്,
റബ്ബർ ഷീറ്റിൽ അടിക്കുന്ന പൗഡറിന്റെ വെളുത്ത നിറമാണ് ശരീരത്തിൽ പറ്റിയിരിക്കുന്നതെന്ന് . ഇന്നുവരെ ഈ സഹോദരങ്ങൾ ആരോടെങ്കിലും ദേഷ്യമോ വിദ്വേഷമോ പകയോ ചതിയോ വഞ്ചനയോ നടത്തിയതായി അറിയാൻ കഴിഞ്ഞിട്ടില്ല.
നാളിതുവരെയായിട്ട് സർക്കാരിൽ നിന്നോ ഏജൻസികളിൽ നിന്നോ ഒരു മെമ്മോ പോലും കൈപറ്റേണ്ട സാഹചര്യം ഉണ്ടാക്കിയിട്ടില്ല.റബ്ബർ ഷീറ്റ് വിൽക്കാൻ കൊണ്ടുവരുന്ന കർഷകരെ അന്ന ദാതാക്കളായിട്ടാണ് ഇവർ കണ്ടിരുന്നത്.ഇന്ന് ഈ സ്ഥാപനത്തിന്റെ പ്രായം 58.
അതുകൊണ്ട് സ്വയം വിരമിക്കുകയാണ്.കോവിലകം റോഡിൽ വലിയ വാഹനങ്ങൾക്ക് നിർത്താൻ അനുവാദമില്ലാത്തതാണ് സ്ഥാപനം നിർത്താനുള്ള പ്രധാന കാരണം.53 വർഷങ്ങൾക്ക് മുമ്പ് നിലമ്പൂരിലേയ്ക്ക് കുടിയേറിയ ഇവർ ഇന്നുവരെ ഒരാളുമായും ഒരു വിഷയത്തിലും തർക്കിയ്ക്കുന്നത് കണ്ടിട്ടില്ല എന്ന വസ്തുത എടുത്തു പറയേണ്ടതാണ്.
കട ഒഴിഞ്ഞു പോകുമ്പോൾ ലക്ഷങ്ങൾ ചോദിക്കുന്ന കപട സംസ്ക്കാരം ഉടലെടുത്തിട്ടുള്ള ഈ കാലത്ത് ഈ സഹോദരർ ഒരു മാതൃകയാണ്.
ഒരു രുപ പോലും വാടക ബാക്കിയില്ലാതെ, ഇത്രയും കാലം ജീവിക്കാൻ സൗകര്യമൊരുക്കി തന്ന കെട്ടിട ഉടമയോട് നന്ദിയും കടപ്പാടും പറഞ്ഞു കൊണ്ടാണ് ജോർജും ജോസും ജൂൺ 30 ന് താക്കോൽ കൈമാറുന്നത്.
ഈ പശ്ചാത്തലത്തിലാണ് അവരുടെ മനസ്സുമായി താദാത്മ്യം പ്രാപിക്കുന്ന നിലമ്പൂരിലെ സുഹൃത്തുക്കൾ ജൂൺ 28 ന് അർഹമായ ഒരു സ്നേഹാദരവ് നൽകുന്നത്. അർഹത ഉള്ളവർക്ക് മാത്രം കിട്ടുന്ന ആദരവ് .
" മാനസം നിലമ്പൂരി" നു വേണ്ടി
ആർ.കെ.മലയത്ത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.