തിരുവനന്തപുരം: ലോക്സഭാ വിശാല ജനസഭയിലെ ഇരിപ്പിട വിവാദത്തില്‍ ബിജെപി വിടുമെന്ന വാര്‍ത്തകള്‍ തള്ളി കൃഷ്ണകുമാര്‍.
സംസ്ഥാന ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി നടൻ കൃഷ്ണകുമാര്‍ രംഗത്ത് എന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.എന്നാല്‍ ഈ വാര്‍ത്തയുടെ സത്യം എന്താണെന്നു വെളിപ്പെടുത്തുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. കവടിയാര്‍ ഉദയ് പാലസില്‍ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭയില്‍ തനിക്കു വേദിയില്‍ ഇടം നല്‍കിയില്ലെന്ന് കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി എന്നായിരുന്നു വാര്‍ത്ത.
എന്നാല്‍, വാര്‍ത്തയെ പൂര്‍ണമായും തള്ളുകയാണ് കൃഷ്ണകുമാര്‍. പൊതുപരിപാടികള്‍ പ്രാഥമികമായി സംഘടിപ്പിക്കുന്നത് പ്രാദേശിക നേതൃത്വമാണ്. ഇരിപ്പിട ക്രമീകരണം നിര്‍ണ്ണയിക്കുന്നതും അവര്‍തന്നെയാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്തിന്റെ ഉന്നമനത്തിനായി ഞാൻ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അത് യാതൊരു തരത്തിലും ബാധിക്കാൻ പോകുന്നില്ലായെന്ന് എന്നെ അറിയുന്ന നിങ്ങള്‍ക്കെല്ലാമറിയാമെന്നും കൃഷ്ണകുമാര്‍ പഞ്ഞു.
ബിജെപിയോട് എന്നെന്നും പ്രതിജ്ഞാബദ്ധനാണെന്നും ഒരു സമര്‍പ്പിത ബിജെപി പ്രവര്ത്തകൻ എന്ന നിലയില്‍, തിരുവനന്തപുരത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും പുരോഗതിക്കായി ഞാൻ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരികയാണ്, അത് തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കൃഷ്ണകുമാറിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
നമസ്കാരം സഹോദരങ്ങളേ... ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി ബന്ധപ്പെട്ട് ചില ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നത് കാണാനിടയായി. പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമെന്ന നിലയ്ക്ക് കേന്ദ്രനേതൃത്വത്തിനെ ഞാനെന്റെ നിലപാടുകള്‍ അറിയിച്ചുകഴിഞ്ഞു.
പക്ഷെ ഒരു കലാകാരനും രാഷ്ട്രീയക്കാരനുമെന്ന നിലയില്‍ എന്റെ ഏറ്റവും പ്രാഥമികമായ കടമ, എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിങ്ങളോരോരോരുത്തരോടും എന്റെ നിലപാടുകള്‍ അര്‍ത്ഥശങ്കയില്ലാത്തവണ്ണം ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിക്കുകയെന്നത് തന്നെയാണ്. കാരണം നിങ്ങളാണ് എന്റെ ശബ്ദം. തിരുവനന്തപുരവും, പിന്നെ നിങ്ങളെല്ലാവരും തന്നെയാണ് എനിക്കെന്നും മുഖ്യം.
അതിനാല്‍ത്തന്നെ എന്റെ നിലപാട് നിങ്ങളോട് നേരിട്ട് അറിയിക്കേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടാണ് ഞാൻ ബിജെപിയില്‍ അംഗമായത് എന്നുപറഞ്ഞുകൊണ്ടുതന്നെ ആരംഭിക്കാം. രണ്ടായിരത്തി ഇരുപത്തിയൊന്നിലാണ് ഞാൻ പാര്‍ട്ടിയില്‍ വന്നതെങ്കിലും ചെറുപ്പം മുതല്‍ തന്നെ, ശാഖകളില്‍ നിന്ന് പകര്‍ന്നുകിട്ടിയ ദേശീയബോധവും അച്ചടക്കവും സേവനമനോഭാവവും ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. അതിന്റെ സ്വാഭാവികമായ ഒരു തുടര്‍ച്ചയായിട്ടാണ് ബിജെപി യുടെ പ്രത്യയശാസ്ത്രവുമായി മാനസികമായി എനിക്ക് ഐക്യപ്പെടാനായത്.
പക്ഷെ നരേന്ദ്ര മോദി എന്ന ഐതിഹാസിക വ്യക്തിത്വവും അദ്ദേഹത്തിന്റെ നേതൃത്വപാടവവുമാണ് എന്നെ ഏറ്റവുമധികം അതിശയിപ്പിച്ചതും സ്വാധീനിച്ചതും. അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാൻ ഞാൻ ആഗ്രഹിച്ചു.
എനിക്കേറ്റവും പ്രിയപ്പെട്ട തിരുവനന്തപുരത്തിന് വേണ്ടി പ്രവര്‍ത്തിക്കാൻ വലിയൊരവസരം വന്നപ്പോള്‍ ഞാനാ വലിയ തീരുമാനമെടുത്തു. അന്നുമുതല്‍ ഇന്നീ നിമിഷം വരെ ആ തീരുമാനത്തില്‍ ഞാൻ അഭിമാനിക്കുന്നു, അടിയുറച്ചു വിശ്വസിച്ചു പ്രവര്‍ത്തിക്കുന്നു.
അടുത്തിടെ നടന്ന ഒരു പൊതുയോഗത്തില്‍ എന്റെ ഇരിപ്പിട ക്രമീകരണം സംബന്ധിച്ച് ചില പ്രതികരണങ്ങളും ചര്‍ച്ചകളും നടന്നിരുന്നു. പൊതുപരിപാടികള്‍ പ്രാഥമികമായി സംഘടിപ്പിക്കുന്നത് പ്രാദേശിക നേതൃത്വമാണ്.
ഇരിപ്പിട ക്രമീകരണം നിര്‍ണ്ണയിക്കുന്നതും അവര്‍തന്നെ. സ്റ്റേജില്‍ ഇരിപ്പിടം അനുവദിച്ചതുകൊണ്ടോ അതിന്റെ കുറവുകൊണ്ടോ -- തിരുവനന്തപുരത്തിന്റെ ഉന്നമനത്തിനായി ഞാൻ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അത് യാതൊരു തരത്തിലും ബാധിക്കാൻ പോകുന്നില്ലായെന്ന് എന്നെ അറിയുന്ന നിങ്ങള്‍ക്കെല്ലാമറിയാം.
എല്ലാ ജനവിഭാഗങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് എന്റെ ശ്രദ്ധ എന്നും കേന്ദ്രീകരിച്ചിട്ടുള്ളത്. ഇരിപ്പിടങ്ങളല്ല, നമ്മളുടെ പ്രവൃത്തികളും, നയങ്ങളും, മൂല്യങ്ങളുമാണ് നമ്മെ അടയാളപ്പെടുത്തുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ദീര്‍ഘിപ്പിക്കുന്നില്ല. ഞാൻ ബിജെപിയോട് എന്നെന്നും പ്രതിജ്ഞാബദ്ധനാണെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു. ഒരു സമര്‍പ്പിത ബിജെപി പ്രവര്ത്തകൻ എന്ന നിലയില്‍, തിരുവനന്തപുരത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും പുരോഗതിക്കായി ഞാൻ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരികയാണ്, അത് തുടരുകതന്നെ ചെയ്യും.
നല്ല മാറ്റങ്ങള്‍ക്കു പിന്നിലെ ചാലകശക്തിയായി പ്രവര്‍ത്തിക്കുക എന്നതുമാത്രമാണ് എന്റെ ലക്ഷ്യം. ഈ ദൗത്യത്തോടുള്ള എന്റെ സമര്‍പ്പണം ദൃഢമായിത്തന്നെ തുടരും. കാരണം, വെറും ആവേശം കൊണ്ടോ അല്ലെങ്കില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ നേടിയെടുക്കാനോ അല്ല, മറിച്ച് തികഞ്ഞ ആദര്‍ശബോധം കൊണ്ട് മാത്രം ഈ പാത തിരഞ്ഞെടുത്തയാളാണ് ഞാൻ. നരേന്ദ്ര മോദിയെന്ന സൂര്യനാണ് ഭാരതത്തെ സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കുമെന്നപോലെ എന്റെയും ഊര്‍ജസ്രോതസ്സ്. അതാണെന്റെ ശക്തി. അതാണെന്റെ വിജയവും.
ചിലരുണ്ട്. സൂര്യൻ എന്നും ഒരേ സ്ഥാനത്തുതന്നെയാണെന്നും, ഭൂമിയാണ് അതിനുചുറ്റും കറങ്ങി, എന്നും രാവിലെ നമ്മെ ആ പ്രകാശവര്‍ഷം കണികാണിക്കുന്നതെന്നും, അറിയാത്ത ചിലര്‍. അവര്‍ ചിന്തിക്കുന്നത് അവരാണെല്ലാമെന്നും, എല്ലാ ദിവസവും സൂര്യൻ ഇങ്ങോട്ടുവന്ന് അവരെക്കണ്ട് വണങ്ങിപ്പോകുകയുമാണെന്നാണ്.
സൂര്യനില്ലെങ്കില്‍ നമ്മളാരുമില്ലെന്ന ലളിതമായ സത്യംപോലും അവര്‍ മനസ്സിലാക്കുന്നില്ല. ഇനിയും നേരം വെളുക്കാത്ത ആ ചിലരെപ്പറ്റി, 'കൃഷ്ണകുമാര്‍ ബിജെപി വിടുന്നതിനെക്കുറിച്ച്' എഴുതിയവര്‍ക്കായി ഇത്രമാത്രം പറയുന്നു -- ഞാൻ എന്റെ ഇന്നിങ്സ് ആരംഭിച്ചിട്ടേയുള്ളൂ.
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ട്. മാറ്റത്തിന്റെ കാറ്റ് തിരുവനന്തപുരത്ത് വീശാനാരംഭിച്ചിട്ടുണ്ട്. ദേശീയനേതൃത്വം എന്നിലേല്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുണ്ട്. എല്ലാവര്ക്കും നന്മകള് നേരുന്നു..ജയ് ഹിന്ദ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.